Friday, July 26, 2013

ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )



____________________________________ 

മിഴികൾ കോർത്തിതേ തീരത്തിരിപ്പൂ നാം 
പോയ കാലത്തിൻ നൂലിഴ കോർക്കുവാൻ.
അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ 
ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ?


ജന്മ- ജന്മാന്തര ലോകത്തിനിപ്പുറം 
ഋതുഭേദമില്ലാതൊരേ മെയ്യോടെ നാം.
അതിജീവനത്തിൻറെ സുഖ ദുഖ പാതയിൽ 
കൈകൾ കോർത്തൊരേ സഹ ദുഖ യാത്രികർ.

ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ 
വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,
അഗാധ ചുംബന ബന്ധനത്തിലായൊരെൻ
പ്രാണാനുരാഗം പൂത്തേതോ വസന്തവും.

ഇന്നീ കൊടും ശൈത്യം പടരുന്ന ശയ്യയിൽ -
സ്വപ്ന സങ്കല്പം പോൽ വിരുന്നു വന്നതെന്തിനോ?
അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .


___________________________________(ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )

(Image courtesy to K.Gibran )