Sunday, December 9, 2012
--------------------------------------

''മുറിഞ്ഞും, വീണും-
തളര്‍ന്നും ,തകര്‍ന്നും
തഴമ്പ് തീര്‍ക്കുന്നൊരു
മരവിപ്പ് .
കാലമാം
ഒഴുക്കിലറിയാം ;
കൈപിടിയില്‍
ഊര്‍ന്നു പോകുമേതു
പുല്കൊടിയും ..
ഒറ്റയൊറ്റക്കു
നാമെന്നും ,
പിന്നെ,
അതിഥിയായെത്തുമീ
ചെറു ചിരിയും .''


----------------------------------------

Friday, September 14, 2012

(ഞാനും , ജിലുവും (  http://angelasthoughtss.blogspot.in/  
)
  തമ്മിലുള്ള ഒരു ചാറ്റില്‍ നിന്നും വിരിഞ്ഞ ഒരു കവിതക്കുഞ്ഞാണിത് .....ഞങ്ങള്‍ എഴുതിയത് )

~~~~~~~~~~~~~~~~~~~~~~~~~~
ഇന്നു വേനല്‍ ;
പൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന 
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്... !

നാളെ മഴ;
തണുവിന്‍റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്‌നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !

നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട്‌ കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !

പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.

താരാട്ട് പോലെ;
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
  

~~~~~~~~~~~~~~~~~~~~~~~~~~~~~

♥ 

Thursday, September 13, 2012


~~~~~~~~~~~~~~~~~~~~~~~~~~~~~~~~''എത്ര മൊത്തി കുടിച്ചാലും
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്‍റെ പ്രാണന്‍..
എന്‍റെ പ്രണയം..
എന്‍റെ സ്വപ്‌നങ്ങള്‍...
ഓ..,
പ്രകൃതീ..
പരാശക്തീ...
ഋതു കാല വേഗങ്ങളില്‍-
മഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ പടരുമ്പോഴും ;
നോവുകളുടെ കൊടും മുള്ളുകള്‍
ചങ്കില്‍ നാരായ വേരുകള്‍ ആഴ്ത്തിയിറങ്ങുംമ്പോഴും
ഓരോ ദിനങ്ങളും ഞാന്‍ നിന്നില്‍ ചിതറി കൊണ്ടേയിരിക്കുന്നു...;
തളര്‍ന്നു പെയ്തൊരു മഴ പോലെ.;
വേനലില്‍ ചുവന്ന പൂവരശു പോലെ..;
മഞ്ഞില്‍ പൂത്ത ശതാവരി പോലെ..;
കാലത്തെ.., യാമങ്ങളെ.., ഋതുക്കളെ.., നിമിഷങ്ങളെ ..;
ഒരു കുടന്നയില്‍ നെഞ്ചോടു ചേര്‍ത്ത് ,
മറ്റൊരു പ്രണയ കാലത്തിനു കാതോര്‍ത്തു,
വരുംകാല പ്രണയങ്ങള്‍ക്കായ് പകുത്ത്,
ഒരു ശിലയില്‍ ഉറങ്ങുന്ന ശില്‍പ്പം പോല്‍
ആരുമറിയാതെ.........
..........''

~~~~~~~~~~~~~~~~~~~~~~~~~~~
image courtesy to Irina Vitalievna Karkabi♥

~~~~~~~~~~~~~~~~~~~~~~~~~~~~
 

Sunday, April 22, 2012

ട്രാഫിക്കില്‍ തെളിയുന്നത്..
----------------------------------------------------


സ്വപ്നങ്ങളില്‍ തുളവീണ 
ഉടലുമായി ,
നോവുകളുടെ ഭാണ്ഡവും  
പേറി 
എന്നത്തേയും പോലെ 
ഇന്നും 
പലരും യാത്രകള്‍ തുടരുന്നുണ്ട്.

എന്നാല്‍ ,
ട്രാഫിക് ലൈറ്റിന്റെ 
ചുവന്ന വെളിച്ചം 
കൈനീട്ടി തടയുന്നത്
ഏതു നിമിഷങ്ങളുടെ 
മരണത്തിലെക്കാണ്?

ചുവപ്പ്-
മഞ്ഞ-
പച്ച...;
പിറവി.. ജീവിതം..  മരണം..
സ്വപ്ന വസന്തത്തിന്റെ പച്ചപ്പില്‍
ദിനരാത്രങ്ങളുടെ
തുടര്‍ച്ചകള്‍ നെയ്യുന്നു.

വഴിവിളക്കിന്റെ കാലില്‍ നിന്നും 
മഞ്ഞ വെളിച്ചം 
മോന്തി 
ഇടക്കൊരു ബ്രേക്ക് ..,
നിസ്സംഗതയുടെ  സീബ്ര വരകള്‍..

ട്രാഫിക് വിളക്കിന്റെ 
മഞ്ഞ വെളിച്ചം 
കൊണ്ട് പോകുന്നത്
ഏതു ശൈത്യത്തിന്റെ
പീത ശയ്യയിലെക്കാണ്?

രോഗം..വരാന്ത,,,ആശുപത്രി..
വിശപ്പ്‌ മൂളുന്ന ഈച്ചകള്‍..
മരണ മണത്തിന്റെ 
പച്ച  വിരിപ്പിന്‍ ചൂടില്‍
ഒരു തുണ്ട് സ്വപ്നത്തില്‍
അണയുന്ന കവിത..
ഒറ്റപെടലിന്റെ
പാതാള ഗര്‍ത്തം..

********  ********    ********    *******
പ്രണയ മൂര്‍ച്ഛയുടെ
തിരക്കുള്ള 
നിരത്തുകളില്‍ ,
വഴി വെളിച്ചം 
കെടാറെയില്ല..

പച്ച കത്തുമ്പോള്‍ 
ചുവപ്പ് മരിക്കുന്നു.,
പച്ചക്കും ചുവപ്പിനുമിടയില്‍ 
മഞ്ഞയുടെ ഇളിഭ്യ ചിരി.

ട്രാഫിക്കിന്റെ രക്ത വെളിച്ചത്തില്‍
ഒരു മാത്രം നില്‍ക്കും നേരം 
ആരും ആരെയും ഓര്‍ക്കാറില്ല.
ഓര്മ.., 
പലര്‍ക്കും 
പല 
പോലെ..

നേട്ടോട്ടമോടുന്നവരുടെ
ഓര്‍മകള്‍ 
എന്നെങ്കിലും 
താളുകളായി ,
മറിഞ്ഞു മായുമോ?
താളുകളിലെ ശൂന്യത..
പദങ്ങളുടെ വാഗ്ദാനങ്ങള്‍..
പ്രണയത്തിന്റെ
അര്‍ത്ഥ ശൂന്യത..


*****   ********  ********  *********

ചുവപ്പ് ചിന്തിയ ട്രാഫിക്കില്‍
യാത്ര തുടരുന്നു..
മിഴികളില്‍ പരസ്പരം  
അഭയം തിരയുന്നു.,
വീണ്ടും ഓര്‍ക്കുന്നു-
ഞെട്ടിയുണര്‍ന്ന
പുലരിയില്‍
മരിച്ചു പോയ പ്രണയത്തെ..

ട്രാഫിക് ഉണരുന്നു 
തുടരുന്ന നാടകങ്ങളില്‍
അര്‍ത്ഥ രാഹിത്യങ്ങള്‍
വീണ്ടും ചൂളം വിളിക്കുന്നു..
കൌതുകത്തിന്റെ ചില്ലയില്‍
ലോകം 
ഒരു കുഞ്ഞിനെ പോലെ 
ചേക്കേറുന്നു...

ഹേ.., ട്രാഫിക് വിളക്കിന്റെ പാറാവുകാരാ...,
അങ്ങ് ദൂരെ 
മരണത്തിന്റെ കറുത്ത ദൂതന്‍ 
നിന്നെയും കാത്തിരിക്കുന്നുണ്ട്...

സിഗ്നല്‍ അണക്കുക...


-------------------------------------------