Monday, January 5, 2015

വസന്തം കാ(നാ)ടിനോട്‌ ഇടിമുഴക്കുന്നത് ...




______________________________ 

1,
കാട്ടു താഴ്വാരത്തിലെ 
വിശപ്പ്‌ വയലുകളിൽ 
ചുവന്ന വിത്ത് എറിയാനാണ് 
പൂച്ചകളെ പോലവർ 
നിശബ്ദം വന്നത്.

നാഴി മുളയരിയിൽ 
വിശപ്പളന്ന്, കാട്ടു  കിഴങ്ങിൽ 
ക്ഷീണം വിഴുങ്ങി,
കാട്ടു തേൻ  മോന്തി  
ഉറക്കേ അവരോതി-
''വസന്തം കാടിനോടിതുവരെ ചെയ്തതെന്താണ്....??''

ആദിയന്തം നിശ്ചലം ; ചോദ്യം-
കാട്ടു ദൈവങ്ങളുടെ 
വെളിപാട്  പോൽ സത്യം.!
ഹാ!, കാട് ഞെട്ടീ !;
മൂപ്പൻ ഞെട്ടീ , 
കാട്ടുചോല ഞെട്ടീ, 
മുളംകുടിലുകൾ ഞെട്ടീ , 
പച്ചില കീറുകൾ ഞെട്ടീ , 
കറുത്ത പെണ്ണിൻ 
ഞാവൽ മിഴികൾ  ഞെട്ടീ,
ചോര പൂത്ത 
പൂവരശു ഞെട്ടീ ,
ഗോത്രങ്ങൾ ഞെട്ടീ, 
കാട്ട് 
ദൈവങ്ങൾ 
ഞെട്ടീ...
...
**************************************************
2,
ഖദർ വിരിച്ച 
സിംഹാസനങ്ങളിൽ 
ദുരധികാരം ആസനമിളക്കിയുറപ്പിച്ചു
അവരിരുന്നൂ .

മരണ മുഖങ്ങൾക്കു 
വേട്ടക്കാരന്റെ 
 ന്യായവിധി -
വിശപ്പ്‌/  തോക്കിൻ കുഴൽ,/  പ്രാണഭയം, 
നിരായുധൻ/  നീതി,/  പോരാളി,/ 
 വിപ്ലവം/  ഇര, ..
വിശപ്പ്‌, മരണം, 
വിശപ്പ്‌, മരണം, 
വിശപ്പ്‌,,,,,,,,


 ചില്ല് പാത്രങ്ങളിൽ 
ജനാധിപത്യം ലഹരിയോളം
 നിറക്കപ്പെട്ടു-
പല വരണ്ണ  കൊടികളിൽ 
പൊതിഞ്ഞ് 
അധികാരം മൊത്തി 
തെല്ലുറക്കെ ഒരേ ചുണ്ടുകളാൽ
 അവരോതി-
"വസന്തം നാടിനോടിതുവരെ ചെയ്യാത്തതെന്താണ്‌ ....?"'

 ചോദ്യാധികാരം, ഹാ; 
ഭരണഘടനാ പോൽ 
മഹാ സത്യം! 

ജനത ഞെട്ടീ,
, നഗര തെരുവുകൾ ഞെട്ടീ, 
കൊടിതോരണങ്ങൾ  ഞെട്ടീ
പാര്ട്ടിയാപ്പീസുകൾഞെട്ടീ, 
നീതി ദേവത ഞെട്ടീ, 
നിയമ സഭാ മഹാ സൌധങ്ങളേതും   ഞെട്ടീ.


*************************************************************

3,
രാവ്‌ /-
പൂച്ചകൾക്കിപോൾ 
വേട്ടക്കാരന്റെ തലയും 
ഇരയുടെ വാലുമാണ്‌.

അധികാരത്തിന്റെ 
അടിയുടുപ്പുകൾ 
വിപ്ലവ പോസ്റ്ററുകൾക്ക് 
മീതെ തുണിയുരിഞ്ഞു 
കിടക്കുന്നു 

വസന്തം കാടിനോടും നാടിനോടും 
തോക്കിൻ കുഴലിലൂടെ 
സ്വപ്‌നങ്ങൾ 
ഉതിര്ക്കുന്നു 

കറുത്ത വയറിന്റെ 
വിശപ്പ് 
പുതു വിപ്ലവം പോലെ 
അടുത്ത 
കുപ്പിയിലേക്ക്‌ പകരുന്നു .


അനുസരണ/ അധികാരം, 
അനുസരണ / അധികാരം 
എന്ന പാഠം
പലതവണ 
  വായിക്കപെടുന്നു..

വേദനയോടെ 
വായിക്കപെടുന്നു..
________________________________________________ 



(ഒരു പിൻ കുറിപ്പ് - ചരിത്രം ചിലപ്പോൾ  പ്രൌഡ ഗംഭീരയായൊരു വേശ്യയെപ്പോൽ മനോഹരിയാണ്., ചിലപ്പോൾ വിരൂപയും)