Monday, July 26, 2010

വര്‍ഷ മേഘങ്ങള്‍

------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍
വിശപ്പ്‌, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.

* * * * *

മഴമേഘങ്ങളുടെ
രാവിരുന്നുകള്‍, ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ
തീനാളം.

മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.

* * * * *

കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.

അമ്മയുടെ
കണ്ണീര്‍ വര്‍ഷം.

മുണ്ടിന്‍ കോന്തലയില്‍ തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..

* * * * *

ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും വരെ,
നീ ഉര്‍വ്വരയാം ഭൂമി..

രതിമൂര്‍ച്ചകളുടെ
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.

ഒരു തുണ്ട് സ്വപ്നം.

അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.

ജാനിസ്,
മഴ പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം മഴയായിരുന്നു..
ഓ, മഴയായിരുന്നു..

* * * * *

ലഹരിയുടെ
ഉരഗ ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍ കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..

* * * * *

ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..

ഹൃദയം തുളച്ച്‌
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.

മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..

നെടുവീര്‍പ്പിന്റെ
വര്‍ഷ ബാഷ്പ്പം.

കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.

------------------------------------


.

Tuesday, June 29, 2010

കലി ഉണരും കാലം.


-----------------------

സ്വപ്നങ്ങളില്‍
നിദ്ര നരക്കുന്നത്
കലി ഉണരും കാലത്താണ്.

കെട്ട സ്വപ്‌നങ്ങള്‍
ഏതു കാലത്തിന്റെ
തെറ്റാണ്?

തര്‍പ്പണം ചെയ്ത
ചിന്തകളില്‍
കാക്കകള്‍ കൂട്ടമായ്‌
പിതൃക്കളെ കൊത്തി തിന്നുന്നു.

ഒരു സ്ഥിതി സമത്വത്തിന്‍
സിദ്ധാന്ത ഭൂതം
കന്യാ മറിയത്തെ
വൈരുദ്ധ്യാത്മകമായി
ഭോഗിക്കുന്നു.

അടുത്ത പുത്രന്റെ
ബലി തേടി
പിശാചു
കുരിശു ചുമന്നു
കരയുന്നു.

കാശിയിലെ വേശ്യകളെ
പ്രാപിച്ച
ബുദ്ധന്റെ ചിരിയില്‍
അനേകം അണുനാദം
പുകയെടുക്കുന്നു.

വിശുദ്ധ പോരിലെ
കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
കുനിഞ്ഞിരുന്ന്,
അന്ത്യ പ്രവാചകന്‍
പുതിയ വചനങ്ങള്‍
കുറിക്കുന്നു.

ശ്രുതികളും, സ്മൃതികളും
വാള്‍മുന ഒഴുക്കിയ
ചോരച്ചാലില്‍ മുങ്ങി
''നേതി,നേതി' മുഴക്കുന്നു.

നേരിന്‍റെ
കാഷായ വസ്ത്രങ്ങള്‍
വേശ്യയുടെ മാറ്റതുണികളായ്‌
ഉപേക്ഷിക്കപെടുന്നു.

ന്യായവിധിയുടെ കല്‍തുറങ്കില്‍,
ഒരു വൃദ്ധ ന്യായാധിപന്‍
ചങ്ങലക്കണ്ണികളാല്‍
സ്വയം
ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഒരു പഴകിയ
പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
കൊലക്കളത്തിലെ
അവസാന ജഡവും
പുതക്കപെടുന്നു.

ഹാ..കാലമേ!
ഞാനെന്നെ ഞാന്‍ ,
ഇന്നിന്‍റെ പുരുഷന്‍ .,
സംഗ പുരുഷന്‍ ..,
സര്‍വ്വ സംഗ പരിത്യാഗി!

(വിതുരയിലും, സൂര്യനെല്ലിയിലും ഒരു പതിഞ്ഞ തേങ്ങല്‍ ഇനിയും ഒറ്റപെടുന്നു.)

ഇതു ഇന്നിന്‍റെ ബലിദാനം.

നേരിന്‍റെ നാഴികമണി
ഇടറും നേരം,
കലണ്ടറിന്‍ കരിവണ്ടുകള്‍
വീണടിയും സമയം,
ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
ഞാനെന്‍റെ ഹൃദയം രണ്ടായ്‌ കണ്ടിക്കുന്നു.

മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..

തെറ്റിലെ ശരി,
ശരിയിലെ തെറ്റ്.
കാലമെന്ന ശരി ,
കാലമെന്ന തെറ്റ്.

ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?

----------------------------

Saturday, May 22, 2010

തടവുകാരി.
---------------------
പകലിന്‍ വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍.
അന്ത്യ വിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്‍റെ കാമം പോലെ.

ഒരു പോസ്റ്റ്‌ മോര്‍ട്ടത്തിന്‍
പുഞ്ചിരിയുമായ്‌
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.

നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.

ചെവി തുളച്ച്‌,
കരള്‍ പറിച്ച്‌,
കൊടും നാദങ്ങള്‍..
വാദം.. പ്രതിവാദം..
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍..
ഇവള്‍, ഇന്നിന്‍റെ കുറ്റവാളി!
നേരിന്‍റെ കൊടും പാതി..

താളുകള്‍ മറിയുന്നു.
വിധി ന്യായം-
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.

ചെങ്കല്‍ സൌധത്തിനപ്പുറം ,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍..
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും..

ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍ ,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള്‍ കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?

-----------------------


.

Sunday, May 16, 2010

സഖാവേ, ആറടി മുന്നോട്ട്..


---------------------------

സഖാവേ, നമുക്കിന്നു-
കാറുണ്ട്, വീടുണ്ട്,
നക്ഷത്ര ക്ലബ്ബിലെ-
ബന്ധുത്വമേറുണ്ട്.

കൊടികളായ്, അണികളായ്
പാര്‍ട്ടി വളര്‍ത്തുവാന്‍ -
നെഞ്ചത്ത്‌ വീറുണ്ട്;
സ്വപ്നങ്ങളേറുണ്ട്.

മൂവന്തി ചോപ്പിന്റെ,
ശോഭയില്‍ കണ്ണഞ്ചി-
യൌവനം വിഴുപ്പായ്
എറിഞ്ഞവര്‍ ഇവരുണ്ട്.

പുലരി തേടി പോയി-
ചോര ചീറ്റി ചത്ത ,
രക്തഹാരം തൂങ്ങാന്‍
ചിത്രങ്ങളേറുണ്ട്.

പുതു വിപ്ലവത്തിന്റെ
ലഹരിയില്‍, മദിരയില്‍-
അപ്പുറം കാണാത്ത
ശാസ്ത്രങ്ങളേറുണ്ട്.

'മാര്‍ക്സിന്റെ' സ്വപ്നങ്ങള്‍
കെട്ടി പടുക്കുവാന്‍-
ഇഞ്ചിന്ജായ് പൊങ്ങുന്ന,
മന്ദിരമേറുണ്ട്.

പാര്‍ട്ടി സൌധങ്ങളില്‍ ,
'മൂലധന'മില്ലേലും-
ശീതള മുറികളില്‍,
സൌരഭ്യമേറുണ്ട്.

വികസന വീഥിയില്‍
മഴു വീണു അടിയുന്ന,
ചെഞ്ചോര പൂക്കുന്ന
ഗുല്‍മോഹര്‍ മരമുണ്ട്.

സഖാവേ, നമുക്കിന്നു
കാറുണ്ട്, വീടുണ്ട്-
പാര്‍ട്ടി വളര്‍ത്തുവാന്‍
ബക്കറ്റു പിരിവുണ്ട്.!


----------------------------

.

Wednesday, April 28, 2010

പ്രവാചകന്‍റെ നിലവിളി.
----------------------------

കാലം,
ഒരു ശൂന്യ ഗര്‍ത്തത്തിന്റെ
ദൂര വേഗങ്ങളില്‍
കൊള്ളിയാന്‍ മിന്നുമ്പോള്‍
ഞാന്‍
ജനിയാണ്.,
മൃതിയാണ്‌.,
രതിയുമാണ്.

ഈ നിമിഷം,
പാതിയടഞ്ഞ
നിന്‍റെ മിഴികളില്‍,
ചൊടികളില്‍., മുലകളില്‍..
അരക്കെട്ടിലെ തീ നാളങ്ങളില്‍.,
ഞാനെന്‍റെ യൌവനം
കുടഞ്ഞിടും നേരം
നീയെനിക്ക് പ്രണയമാണ്‌.
പ്രാണനും.

--------------------------

Tuesday, February 23, 2010

പ്രണയഹത്യ.--------------------------
മിനിയാന്ന്,
എന്‍റെ കാമുകി
പ്രണയത്തെ പ്രസവിച്ചു.

ഇന്നലെ,
എന്‍റെ കയ്യില്‍ പ്രണയം തന്ന്,
അവള്‍ മരിച്ചു.

പ്രണയ മൂര്‍ച്ഛകളിലെ,
ദിന രാത്രങ്ങള്‍ക്കപ്പുറം
ഞങ്ങള്‍ പൂത്തുലഞ്ഞ
കദംബങ്ങളായിരുന്നു..
ചന്ദന ഗന്ധവും, മുല്ലപ്പൂ മണവും
എന്നും ഞങ്ങളെ
പൊതിഞ്ഞിരുന്നു.
നിലാവ് ഞങ്ങള്‍ക്ക്
പുതപ്പു വിരിച്ചിരുന്നു...

ഇന്നീ കുഞ്ഞ്.!
മൃത്യു ഗന്ധം പേറുന്ന മുഖത്തോടെ,
വാ കീറി കരയുന്ന
വിരൂപമായ പ്രണയ സൃഷ്ട്ടി.!
ഇതും നോക്കി,
കവി ലോകം എന്തോതും??

ഇന്ന് ഞാന്‍,
പ്രണയ നാമം ചെയ്ത
ഈ കുഞ്ഞിന്‍റെ,
ചങ്ക് ഞെക്കി കൊന്ന്‌
ശവമടക്കം ചെയ്തു.

ആകയാല്‍.,
നാളെ ഞാന്‍
സ്വസ്ഥനാണ്.


-----------------------------


.

Wednesday, February 17, 2010

വേദന
------------------------
തുറന്നൊന്നു
ചിരിക്കാന്‍ പേടി.
വേദനകളുടെ കൊടുംമൂര്‍ച്ചയില്‍
ഹൃദയം
കൊത്തി നുറുങ്ങുമ്പോള്‍ ,
കെട്ട നിലാവിന്‍റെ
ദുസ്വപ്നങ്ങളില്‍
കാലം
വിധിവേഷം കെട്ടി അലറുമ്പോള്‍ ..
കണ്ണീര്‍ വറ്റിയ
മിഴികളുമായ്
സ്വയമൊരുക്കിയ ചിതയില്‍
ദഹിച്ചങ്ങിനെ..
ഒന്നു പൊട്ടി കരയാന്‍ പോലും
കഴിയാതെ...

-------------------------
.

Wednesday, February 10, 2010

ഫെബ്രുവരിയിലെ പ്രണയ വ്യഭിചാരം.
-----------------------------------
ചത്ത വാക്കുകളിലെ
പ്രണയാര്‍ത്ഥങ്ങളില്‍,
ഹൃദയരക്തം
ഇറ്റി ചുവപ്പിച്ച
ഫെബ്രുവരി സന്ധ്യകളില്‍,
പ്രണയം
നഗരഭോഗങ്ങളില്‍ പെട്ട്
അലറി മരിക്കുന്നു.

''Wanna you be my valentine..? ''
ചങ്കില്‍ കാമം ജ്വലിക്കുന്ന വാക്കുകള്‍
ചോദ്യം- റൂഷിന്റെ.,
ഫ്രൂട്ടി ലിപ്സിനറെ.,
പെഡി ക്യൂറിന്റെ.,
മാനി ക്യൂറിന്റെ..,
കാമ സൌരഭ്യങ്ങളുടെയും
ചോദ്യ ശരങ്ങള്‍.

ആധുനികോത്തര നിഖണ്ടുവില്‍,
വാക്കുകള്‍ തിരഞ്ഞെടുക്കുന്നു.
കാമം.. രതിമോഹം..മാംസദാഹം.
പ്രണയത്തിനും,
നാനാര്‍ത്ഥങ്ങള്‍.

'ക്യാറ്റ് വാക്ക്' ചെയ്യാം.,
'റാമ്പില്‍' തിളങ്ങാം.,
ഇണ ചേരാനൊരു 'ഡേറ്റിങ്ങും'.

പബ്ബുകളില്‍ 'ജെന്നിഫെര്‍ ലോപ്പെസ്'
അരയിളക്കി പാടുന്നു.
നക്ഷത്ര സത്രങ്ങളിലെ,
ചുവന്ന വെട്ടം ചിതറും
ശീതള ലഹരിയില്‍
അസ്ഥികള്‍ പൂക്കുന്നു.
കാമത്തിന്‍റെ കരുത്തോടെ
'വാലെന്റയിന്‍ പുണ്യാളനു'
സ്തുതികള്‍ പായുന്നു.

നിശാ ദീപങ്ങള്‍ അണയുന്നു.
രതിമൂര്‍ച്ചകളുടെ
കൊള്ളിയാന്‍ വെട്ടങ്ങള്‍
എരിഞ്ഞടങ്ങുന്നു.
നഷ്ട്ട ബോധത്തിന്റെ
ചാരിത്ര നോവുകളില്‍,
വരുംകാല മാതൃത്വവും
അസ്വസ്ഥമാകുന്നു.

ചെറു ക്ലിനിക്കുകളില്‍
ഭ്രൂണഹത്യ വ്യാപാരം
പൊടി പൊടിക്കുന്നു.
'ലവ്സ് ലേബര്‍'
വെറും 'ലോസ്റ്റ്‌' ആകുന്നു!

നാളെകളുടെ
ഫെബ്രുവരി സന്ധ്യകള്‍.
മാതൃകാ ഫ്രൈമില്‍
ഒരുവന്റെ കുടുംബിനി.
വേറൊരുവളുടെ ഭര്‍തൃവേഷം..

കാലം നീങ്ങുന്നു.
പ്രണയ നാടകത്തിന്‍
തിരശീല താഴുന്നു.
അസ്ഥികള്‍ പഴുപ്പിച്ച
വൈറസ്സിന്റെ അദൃശ്യതയോടെ,
മരണം
പതിഞ്ഞ നിശ്വാസത്തില്‍
ഇണകളോട്
വീണ്ടും മൊഴിയുന്നു-
''Wanna you be my valentine..?''

--------------------------------------.

Friday, February 5, 2010

പ്രിയേ, വെറും പ്രണയമല്ലിത്.
------------------------------

നിലാവൊഴിയുന്നു.
ഇരുളില്‍ സ്വപ്നം
മരിക്കുന്നു.
വീണ്ടുമൊരു പിന്‍വിളി കാത്ത്‌,
അനാഥത്വത്തിന്റെ
ഇരുണ്ട ഇട നാഴിയില്‍
പ്രണയം വിതുമ്പുന്നു.

ബന്ധം.. ബന്ധനം..
പ്രിയമുള്ളവളെ,
നിശബ്ധമാമെന്‍ ഏകാന്ത നിമിഷങ്ങളില്‍,
നിലാവിന്‍റെ സ്വപ്‌നങ്ങള്‍
കാണാന്‍ പഠിപ്പിച്ചവളെ.,
എന്‍റെ ചിന്തകളെ കുരുതി കൊടുത്ത്,
ഈ പ്രാണന്‍റെ പിടച്ചില്‍ തീരുവോളം,
നിന്നെ പ്രണയിച്ചവന്‍ ഞാന്‍.
ഓര്‍ക്കുക പ്രിയേ,
വെറും വെറും പ്രണയമല്ലിത്.


നിന്‍റെ മിഴിനീരിലെ
വാഗ്ദത്ത ഭൂമിയില്‍.,
നിന്‍റെ വാക്കുകളിലെ
നക്ഷത്ര കാഴ്ചകളില്‍ ,
എന്‍റെ പ്രണയം
കാട്ടു തീയായ്‌ പടര്‍ന്നിരുന്നു.


പാതി മുറിഞ്ഞ സ്വപ്നം.
ഒറ്റപെടലിന്റെ കയ്പ്പ്.
വേദന.. മഹാ വേദന!

വയ്യിനി ഓമനേ..
വര്‍ത്തമാന വേഗത്തിന്‍റെ
ചതുപ്പില്‍
ആണ്ടു പോകുന്ന
എന്‍റെ പ്രണയം!
കെട്ട നിലാവിന്‍റെ
ദു:സ്വപ്നങ്ങളില്‍,
നോവുകള്‍ കൊടും മുള്ളായി
ചങ്കില്‍ കുരുങ്ങുന്നു.


ഈനിമിഷം..
യാത്രാ മൊഴിയില്ല.
വേഷ പകര്‍ച്ചകളില്ല.
ആകയാല്‍,
ഞാനെന്‍റെ തൂലിക
കുടഞ്ഞെറിയുന്നു.

തുച്ഛ ജീവനും.

-----------------------------------ഒരു പിന്‍ കുറിപ്പ് :
നിന്‍റെ മാറിലെ ചൂടേറ്റു രാവുറങ്ങുംമ്പോളും,
ഒരു വേനല്‍ മഴതുള്ളിയായ് നിന്നില്‍ ചിതറി വീഴുമ്പോളും,
ഈ രാവ്‌ പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല..


.

Sunday, January 31, 2010

സന്ധ്യ.---------------------

അല്ലെങ്കിലും,
എല്ലാ സന്ധ്യകളും
ഒരു പോലെയാണ്.
പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം
വിതറി മടങ്ങും.
താമസിനെ പ്രണയിക്കും.,
പുണരും.,
ഒന്നാകും.


-------------------------

Saturday, January 2, 2010

ശയനം


------------------------------

ജാനിസ്,
ഇത് വെളിച്ചം നഷ്ട്ടപ്പെട്ട
സൂര്യന്‍റെ,
ചങ്ക് പിളര്‍ന്ന
വേനലിന്‍ രോദനം.

സമുദ്രങ്ങള്‍ കടന്നെത്തി
നീ തെളിച്ച നീല വെട്ടത്തില്‍,
നിശ്വാസ വേഗങ്ങളില്‍,
കാമത്തിന്‍റെ കുതിപ്പോടെ
ഉയിര്‍തെഴുന്നെറ്റവാന്‍ ഞാന്‍.
ഇനിയും ,നിന്‍റെ
മൂപ്പെത്താത്ത ചര്‍മ്മങ്ങളില്‍
ഞാനെന്‍റെ ശയന പാപം
തുടരുന്നു.

ഹാ! വശ്യം.. മോഹിതം..ശ്രുതിലയം!
എന്‍റെ സിരകളില്‍
ജ്വാല പടരും നിന്‍,
'സാംബാ'* നര്‍ത്തനം!

നാം പിടഞ്ഞു ഉണരുന്നു;

നിന്‍റെ മാംസത്തിന്‍ മദ ഗന്ധമേറ്റ്‌ എന്‍റെ ,
ചിന്തകള്‍ തട്ടി ഉടഞ്ഞൂര്‍ന്നു വീണതും;
വിറയാര്‍ന്ന വിദ്യുത്,കരാന്ഗുലികള്‍ കൊണ്ടെന്‍റെ
ഹൃത്തില്‍ വന്യമാം ഗീതം ഉതിര്‍ത്തതും;
നിന്‍റെ സൌവര്‍ണ്ണ ചികുരഭാരത്തിലെന്‍,
യൌവനം നിറയാത്ത മിഴികള്‍ അടച്ചതും..
.
''voce e bonita ..te amo flor.."**
പ്രണയം! വെറും രതി ജന്യ മോഹം!
കാമം പ്രണയത്തിനു
തഴപ്പായ് വിരിക്കുന്നു.
ശയനം മരണവും.

ആസക്തികളുടെ ശുക്ല ഭാരം പേറി,
സുര താള പെരുക്കങ്ങള്‍
പതിഞ്ഞു ഒടുങ്ങുന്നു.
തലച്ചോറിലെ
പുക കാഴ്ച്ചക്കുള്ളില്‍ നിന്നും
ഒരു സ്വപനം
തലയോട്ടി പിളര്‍ന്നു
പുറത്തു വരുന്നു.

'കുഞ്ഞരി പല്ലിന്റെ വേണ്മയോടും,
അമ്മതന്‍ വാത്സല്ല്യം ച്ചുരന്നെടുത്തും,
നെഞ്ചിലെ ചൂടേറ്റു കരഞ്ഞുണര്‍ന്നും,
താരാട്ടിന്‍ നോവേറ്റു ശയിച്ച സ്വപ്നം.'

ജാനിസ്,
ഇന്ന് നീ സത്വം നഷ്ട്ടപ്പെട്ടവളുടെ
മരണ വേദന.
അസ്ഥികൂടത്തിന്റെ
ചിരി പോലെ,
പ്രാണന്‍റെ പിന്‍വിളി.
മൃതിയുടെ കറുത്ത
ശിരോവസ്ത്രം നീക്കി,
ഉത്തരീയം അഴിച്ചു,
മാടി വിളിക്കുന്നതെന്തിനു?

ഈ ശിലാ സത്രത്തിലെ
മഹാ ശൈത്യത്തില്‍.,
രതിമൂര്ച്ചകളുടെ,
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഞാനെന്ന നീയും,
നീയെന്ന ഞാനും,
നാമെന്ന മൃത്യുവും മാത്രം.

-------------------------------

1-സാംബാ'*= ബ്രസീലിലെ ഒരു നൃത്തം.

2-'voce e bonita ..te amo flor.."**= you are pretty.so i love you dear..
-----------------------------------------------
.