Tuesday, December 24, 2013

Haiku Poems / ഹൈക്കു കവിതകള്‍ -2കുഞ്ഞുടുപ്പില്‍ മഴ നനച്ച് ജൂണ്‍.

____________________________________________________ചുരമിറങ്ങി കരിമ്പനയിലേക്കൊരു തമിഴ് കാറ്റ്.

_______________________________________മധു ചഷകം നോവു നുരയുമൊരു കുഴി മാടം.

__________________________________________


നിളാ ദുഖം പ്രണയം വറ്റിയൊരു വൃദ്ധ കന്യക.


________________________________________


സ്വപ്നങ്ങൾ മണ്ണിട്ട കുഴിമാടം രാത്രി.


__________________________________________


വെയിൽ നനഞ്ഞൊരു മഴ ഒഴുകുന്നു.

_________________________________________


രാപ്പകലിൽ അരുമയാം കുഞ്ഞ്- സന്ധ്യ.

_________________________________________

തീരവും തിരയും;
ക്ഷണികമാം
അഭയം . 

________________________________________________

ഒരു ചുംബനത്താൽ 
നീ മൊഴിയുന്ന ഭാഷ 
അതെതാണ് പെണ്ണേ

__________________________________________

മറവിയുടെ താഴ്വരയിൽ ഒറ്റപ്പെട്ടൊരു മരം- കാത്തിരിപ്പ്.

__________________________________________________


മൌന മുനയേറ്റു മുറിഞ്ഞ് വിശുദ്ധ പ്രണയം.

__________________________________________________


മഴയല്ലിവള്‍;
മരണം വിതക്കുമീ ദുര്‍ ദേവത.

________________________________________________

മൃതി ശൈത്യം പ്രാണൻ കൊഴിഞ്ഞ ശതാവരി പൂവ്.

______________________________________________


പകൽ വളർന്നൊരു
ഋതുമതി പെണ്ണ്-
സന്ധ്യ. 

________________________________________________


മരണത്തിലന്ത്യം,
പ്രണയത്തിലാദ്യം 
ചുംബനം-
ജൈവ ബന്ധനം.

_______________________________________________Sunday, November 24, 2013

സഞ്ചാരി

________________________________


നിരാസങ്ങളുടെ
വൻകരകളിൽ നിന്നും
നിഷ്ക്കരുണം
എടുത്തെറിയപ്പെട്ട
എന്റെ കപ്പൽച്ചേദമേ/
നോവിന്റെ 
ഉപ്പു കാറ്റേ/
പ്രണയ ശൂന്യതയുടെ
വിളക്കുമരമേ /
സ്നേഹരാഹിത്യത്തിന്റെ
കപ്പൽ ചാലുകളിൽ
വഴി പിഴച്ചു/
ദിക്കുകൾ തെറ്റി /
കടലാഴം നോക്കി/
ഭൂപടം നഷ്ട്ടപ്പെട്ട
നിൻറെയീ
നാവികൻ .

______________________________________

Sunday, October 20, 2013

ആണ്‍പന്നിക്കും പറയുവാനുണ്ട് ***


__________________________ 


എത്ര കാതുകൾ പൊത്തി പിടിച്ചാലും
 പറയുവാനുണ്ടെനിക്കും പെണ്ണേ,
ഈ തീരാ യാത്രകളിൽ   പരസ്പ്പരം,
നാം ഇണപന്നികൾ മാത്രമെന്ന് 

നിനക്കറിയാമോ; 
പിറവി മരണത്തിൽ 
സൂചി മുന കോർത്ത  
നാമോരേ പ്രാണൻ .
നിറെ മാറിലെ നനവിലെന്ന പോൽ 
എന്റെ നെഞ്ചിലെ കാറ്റ് മരങ്ങളിൽ 
കടമ്പ് പൂത്ത ഒരേ വസന്തം,
ഒരേ നീരിൻ കാട്ടുചോല 
ഒരേ ശിലയിടുക്കിലെ  കാണാ കന്മദങ്ങൾ ,
 ത്രിസന്ധ്യയിൽ നിന്റെ 
സിരകളിൽ ചുവപ്പ്  മേഘമായൊഴുകും 
നേരം ,ഞാൻ നിന്റെ സുര ഗംഗ .
ഒരു ഭോഗ മൂർച്ഛയിലെ 
നിമിഷ വേഗത്തിൽ 
തമ്മിൽ മയക്കം മിഴികളിൽ 
ഊയലാടും നേരം  നാം
വെറും രണ്ടു കുഞ്ഞുങ്ങൾ  .


നിനക്കറിയാമോ;
ഒറ്റ പൂണ്ടടക്കത്തിൽ'
ഒരു തീവ്ര ചുംബനത്തിൽ 
നീ മത്രമല്ല പൂക്കുന്നതെന്ന്?
നെഞ്ച് പോള്ളുന്നേതു  മീന ചൂടിലും 
 ഒറ്റ നോവിന്റെ തലോടലിൽ 
ഒരു കര്കിടക രാവു മുഴുവൻ 
നാം നനയുന്നുവെന്നു?
നിന്റെയുള്ളം മിടിക്കുന്ന 
താളത്തിൽ ഹൃത്തിലൊരു 
കുഞ്ഞു താരാട്ട് 
കേൾക്കുന്നുവെന്നു ?

നിനക്കറിയാമോ;
നഗരം നമ്മെ ഒരു 
ഒരു സിറിഞ്ചിൽ 
ലഹരിയുടെ മഞ്ഞ വെളിച്ചം പൊതിഞ്ഞ ആ  നേരം?
നീയാണും , ഞാൻ പെണ്ണും -
നീ ആകാശവും ഞാൻ ഭൂമിയും -
നീ ഉയര്ച്ചയും ഞാൻ താഴ്ചയും -
നീ കുന്നും  ഞാൻ ഗർത്തവും  ചമഞ്ഞ് 
പുതു  ലിംഗ ഭേദത്തിന്റെ 
സമവാക്യങ്ങൾ കുറിച്ചുവെന്നു?


നിനക്കറിയാമോ;
മാറി വരുന്ന നമ്മിലെ ഇണകളുടെ 
ഒരേ നിഴലിലെ / അതെ ചലനങ്ങളെ
ഒരേ താളങ്ങൾ കൊരുക്കും 
ഒരേ വാക്കുകളെ ,
ചുടു നിശ്വാസങ്ങളെ ;
നിനക്കറിയാമോ;
പെണ്ണിനെന്നല്ല -
ആണിനും പ്രണയമെന്നത് 
ഒറ്റ ഭോഗത്തിന്റെ 
ആദ്യ നിവേദ്യമെന്നു?
അരകെട്ടിലെ അണയാത്ത കരുത്തിൽ 
നാമോരെ ശയനത്തിൻ 
 നട്ട് ബോൾട്ട്  ബന്ധനമെന്ന് ?

നിനക്കറിയാമോ;
ശവ ശൈത്യം പുതച്ചു 
മരണം കാലുകളിൽ 
ടാഗ്  ചെയ്യപെടുന്നവന്റെ 
മൊർചറിയിലെ മൗന  മന്ദഹാസം?


നിനക്കറിയാമോ ചത്ത്‌ പോയൊരു 
ഇണപന്നി കുഴിമാടം തുറന്നു വന്നു 
കിനാവിലൊരു രതി ഗീതം മീട്ടുമ്പോൾ 
കണ്ണുകൾ  തിരുമ്മി 
നീയിതുപോൽ 
ഇനിയും നേരിലേക്ക് ഉണരുമെന്നു ?

നിനക്കറിയാമോ.
.........?

___________________________________ 


***(പത്തു വര്ഷം മുൻപേ കെ പി രാമനുണ്ണിയുടെ എം സി പി (മെയിൽ  ഷോവനിസ്റ്റ് പിഗ് ആണ്‍  പന്നി) യുടെ കഥ വായിച്ചിരുന്നു...  ഇപ്പോൾ ഓര്മ്മയിലും ജീവിതത്തിലും എന്നിലെ ആണ്പന്നിയെ ഞാനും ചികയുന്നു... )

Tuesday, August 6, 2013

പ്രണയ മുഖങ്ങൾ
____________________________________


പ്രണയം പകുത്തെടുക്കും 
ഋതുക്കൾക്ക് 
പല മുഖങ്ങളാണ്.

വേനൽ  മീരയിൽ 
പൊള്ളുമ്പോൾ,

വര്ഷം ജാനിസ്സിൽ 
പെയ്യുമ്പോൾ,

വസന്തം സാജിദയിൽ 
പൂക്കുമ്പോൾ,

ശൈത്യം മൃദുലയിൽ 
കുളിരുമ്പോൾ,

പ്രണയം പകുത്തെടുത്ത 
ഋതുക്കൾക്കെന്നും  
പല മുഖങ്ങളാണ്.

_________________#  പ്രണയ മുഖങ്ങൾ (Image Courtesy:- Oil Painting by Savithri Raajeevan)

Monday, August 5, 2013

ബലി (ബാല്യ) തർപ്പണം.


_____________________________________

ആണ്ടറുതി- കാലം

ഉരുട്ടി വെച്ച ബലിച്ചോറ്.
പുരണ്ടിരിപ്പാണതിൽ
നഷട്ടബാല്യത്തിൻ 
തിരിച്ചറിവ്.

ഇന്നലെകളിൽ നിന്നും 
കര്ക്കിടക രാവിലേക്ക് 
ഇരുൾ  കീറി 
വരുന്നുണ്ട്-
മഴ നനഞ്ഞൊരു 
അച്ഛൻ .

വിശപ്പിൽ, വറുതിയിൽ,
ജപ്തി നോട്ടീസ്സിൽ 
പാദങ്ങളിടറി 
മനസ്സുടഞ്ഞ 
ഒരു ചിരിയോടെ.

ഇന്നീ ഒറ്റമുറിയിൽ,
വിയർപ്പിൻറെ 
ഉമ്മകളുടെ 
അഭയം തേടി 
കൊടും നോവോടെ 
കരയുന്നുണ്ട്-
കാലങ്ങൾക്കിപ്പുറം   
എന്നിലെ 
കുഞ്ഞ് .

_________________________(Art by PreetK )

Friday, July 26, 2013

ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )____________________________________ 

മിഴികൾ കോർത്തിതേ തീരത്തിരിപ്പൂ നാം 
പോയ കാലത്തിൻ നൂലിഴ കോർക്കുവാൻ.
അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ 
ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ?


ജന്മ- ജന്മാന്തര ലോകത്തിനിപ്പുറം 
ഋതുഭേദമില്ലാതൊരേ മെയ്യോടെ നാം.
അതിജീവനത്തിൻറെ സുഖ ദുഖ പാതയിൽ 
കൈകൾ കോർത്തൊരേ സഹ ദുഖ യാത്രികർ.

ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ 
വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,
അഗാധ ചുംബന ബന്ധനത്തിലായൊരെൻ
പ്രാണാനുരാഗം പൂത്തേതോ വസന്തവും.

ഇന്നീ കൊടും ശൈത്യം പടരുന്ന ശയ്യയിൽ -
സ്വപ്ന സങ്കല്പം പോൽ വിരുന്നു വന്നതെന്തിനോ?
അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .


___________________________________(ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )

(Image courtesy to K.Gibran )

Sunday, June 2, 2013

ഏകാകിയുടെ ഗീതം- 5:30

_________________________________________________________________________________________

''ഋതുക്കൾ നിറച്ച വീഞ്ഞ് കോപ്പകളിൽ പ്രണയം നുരയുന്നുണ്ടെന്നോ..! പ്രിയേ.., ക്ഷണിക ലഹരിയുടെ പാരമ്യ വിഭ്രമത്തിൽ പ്രണയം - പ്രണയമെന്നന്നോന്ന്യമോതി വാക്കുകളെ നമുക്ക് വ്യഭിചരിക്കാതിരിക്കാം .. പുരാതന വീഥികളിൽ ചിതറി കിടന്ന വാക്കുകളുടെ വിരസ ക്ലീഷേ കളെ തമ്മിൽ കോർക്കാതെ , ''നിന്നെ ഞാൻ സ്നേഹ്സ്നേഹിക്കുന്നു ..നിന്നെ ഞാൻ സ്നേഹിക്കുന്നു'' എന്ന നുണ ഗീതം ആലപിക്കാതിരിക്കാം.. തമ്മിൽ രതി രേഖകളുടെ താമര നൂലിനാൽ അലപ്പ നേരമെങ്കിലും ബന്ധിക്കപെടാം.,..നെഞ്ച് നെഞ്ചോടു അഭയം തേടും നേരം, നിരാസങ്ങളുടെ പാതാള ഗർത്തത്തിൽ തമ്മിൽ തമ്മിൽ തള്ളിയിടും മുൻപേ അതിഗാഡമായ് നമുക്കൊന്നു  ചുംബിക്കാം...''

______________________________________________________#(ഏകാകിയുടെ ഗീതം- 5:30 )

Monday, March 11, 2013

Haiku Poems / ഹൈക്കു കവിതകള്‍__________________________________________________________________

 ഒരു കിണ്ണം നിറയെ 
 ചോര  പൂക്കളുമായി-
വേനല്‍ . ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രാവിരുന്നില്‍-
 നിലാവും,
 നിന്‍ മൌനവും~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കണ്ണ് കെട്ടിയവളുടെ 
കനക ത്രാസ്സില്‍ 
ബാലവേശ്യകളുടെ തുലാഭാരം . 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു കുഞ്ഞു കിനാവിന്‍ 
ബാല്യ കണ്ണാല്‍ 
ഉറ്റുനോക്കുന്നു ജീവിതം~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കടലോളം ആഴം-
മനസ്സെന്നു പേര്. ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തളരുകില്ലൊരീ 
ചിറകുകളേതുമേ 
നീല വാനം വിളിക്കുകില്‍ . ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ക്ഷണികമെങ്കിലും 
ഒറ്റ വാക്കിന്റെ ഏറിനാല്‍ 
നമ്മിലെ മൗനമുടയുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മഞ്ഞുതുള്ളികളില്‍ 
ചെറു സൂര്യന്മാരുടെ ഊയലാട്ടം-
പ്രഭാതം. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മാറുന്ന ഋതുക്കളിലും 
മാറാത്ത മുറിവ്-
പെണ്ണ്‌. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


കരിയിലകളില്‍ മഴ താളം. 
സിരകളില്‍ പടരും,
മണ്ണിന്‍ മദഗന്ധം.
________________________________________________________________________
You migh

Tuesday, March 5, 2013

ഋതു ഭേദങ്ങളില്‍ നാം..

--------------------------------------------------
ഒരു രാത്രിമഴയില്‍ പെയ്ത
കവിതയില്‍ നാമുണ്ടായിരുന്നു..
നോവിന്‍റെ ഒരേ ഹൃദയം പങ്കിട്ട്
ചിതറുന്ന തുള്ളികളില്‍
മിഴികളൂന്നി,
നീളുന്ന മഴച്ചാലുകളില്‍
വിരലുകളോടിച്ച്,
ഒരേ വരികളില്‍
പരസ്പരം തേടി.,
വാക്കുകള്‍ക്കുള്ളില്‍
ആഴങ്ങളില്‍
ഒരായിരമര്‍ത്ഥങ്ങളായ് നുറുങ്ങി,
സ്വപ്‌നങ്ങള്‍ താണിറങ്ങുന്ന
യാമങ്ങളില്‍ മറ്റൊരു മിന്നലായി
കാറ്റായി,
ഇടിയായി,
അരിച്ചിറങ്ങുന്ന പ്രണയമായി .,
നിന്നെ ഞാനാക്കുന്ന
മറ്റൊരു മഴയായി ..
നമ്മിലൂറുന്ന കവിതയായ് ...

വര്‍ണ്ണങ്ങള്‍ പൂക്കള്‍
വിരിച്ച വസന്തത്തില്‍
നീയുണ്ടായിരുന്നു,
കത്തുന്ന നിറങ്ങളില്‍
പൂക്കള്‍ ചുവന്ന പാതകളില്‍
മെയ്‌ മാസം
നിറഞ്ഞു,
പനിനീര്‍ തുടുത്ത
പ്രണയ മഞ്ചം വിരിച്ച് ,
കാട്ടു കദംബങ്ങള്‍ പോലെ..;
പടര്‍ന്ന കൊമ്പുകളില്‍
പാടുന്ന കുയിലിന്‍ പാട്ടിലെ
പ്രകൃതിതന്നീണമായ് നീ ;
ഏതു കാറ്റത്തും വീഴാതെ
എന്നിലേയ്ക്ക് വള്ളിയായ്
പടര്‍ന്ന് ...

വെയില്‍ പൂക്കുന്ന വേനലില്‍
ഞാനുണ്ടായിരുന്നു,
മൊട്ടായ് പിറന്ന്
ഗുല്‍മോഹറില്‍ വിരിഞ്ഞ് ,
പൂവരശില്‍ ചിരിച്ച്
വെയില്‍ നാളങ്ങളില്‍ പൊള്ളി ,
വേനല്‍ മഴതുള്ളിയെ
ഹൃത്തിലുരുക്കി ചേര്‍ത്ത്,
കരിയിലച്ചീന്തുകളില്‍
കണ്ണീര്‍ തൂവി,
കാലത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തില്‍
വേനലിന്റെ അനാദിയാം
വസന്തമായി
ഞാന്‍..

ശൈത്യം പുതച്ച
ഡിസംബറില്‍ നീയൊരു ഹിമപാതം..
സ്വപ്നക്കുളിരില്‍-
നാം ശിലപോലെ ;
മനവും
തനുവുമൊരേ കുളിരിലുറഞ്ഞ് .. ;
നമ്മിലെ സിരകളിലൊരു ഗംഗ-
തീരമില്ലാതെ,
ഓളമില്ലാതെ,
ഒഴുക്കില്ലാതെ,
സര്‍വ്വം സ്തംഭിച്ച
ഡിസംബര്‍..
കാലം നിശ്ചലം ,
നമ്മിലെ നമ്മള്‍ മാത്രം
ഒരേ കവിതയില്‍
ഒരേ വരിയില്‍
ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
ഇരവും, പകലും,
ചക്രവാളങ്ങളില്‍
ചാലിച്ച നമ്മുടെ
കുളിരലിഞ്ഞ സന്ധ്യ..

തിരയില്‍ മറഞ്ഞും
തീരത്തുണര്‍ന്നും
നമ്മിലൂടെ
ഋതുക്കളുടെ
ജൈത്രയാത്ര !
മഴയില്‍,
വേനലില്‍, വസന്തത്തില്‍,
ശൈത്യ കാലങ്ങളില്‍,
ഒന്നൊന്നിനെ
മറവിയാക്കുന്ന നാം,
നീയെന്നിലെ രാവുകള്‍,.
ഞാന്‍ നിന്നിലെ
പകലുകള്‍,
ഇഴപിരിയാതെ
നമ്മുടെ സംഗീതവും !
വസന്തം വേനലിനെ
പകുത്ത് ,
വര്ഷം ശൈത്യത്തെ
നനച്ച് ,
ഗ്രീഷ്മം ഹേമന്തത്തെ
പുണര്‍ന്ന്
മഴ താളങ്ങളില്‍,
കുളിര് പുതയ്ക്കുന്ന ഓര്‍മകളില്‍,
പ്രണയം
ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
ഏത് ..,
ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
പൊതിഞ്ഞെടുത്തത്?
പ്രപഞ്ചത്തിന്‍റെ
ഏതണുവിലാണ്
നമ്മുടെ പ്രണയം
തുടിക്കാത്തത് ?
ഘടികാരസൂചിയില്‍
കാലം കുതിക്കുമ്പോഴും
ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
മഞ്ഞില്‍ മൂടി കിടപ്പു നാം ?

കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
അയക്കുമ്പോള്‍,
ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
ജന്മാന്തരങ്ങളില്‍,
പൂവായും, പൂമ്പാറ്റയായും
മണ്ണായും ,വിണ്ണായും-
നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !
ഇനിയീ രാവില്‍ ,
നിലാവില്‍
നിനവുകളില്ലാത്ത ലോകത്ത്
നാമുറങ്ങുമ്പോള്‍ ,
നമ്മുടെ കുഴിമാടത്തിനു മീതെ 

ആരാണ് അവസാന
പുഷ്പ ചക്രം വെക്കുന്നത്??

-------------------------------------------------------


*** (ജിലുവും, www.
angelasthoughtss.blogspot.com ഞാനും ചേര്‍ന്നെഴുതിയ രണ്ടാമത്തെ കവിത ... )
 

Saturday, March 2, 2013

ആര് പറയുന്നു നമ്മില്‍ നമ്മളിലെന്നു ..?--------------------------------------------------------------


ആര് പറയുന്നു നമ്മില്‍ രാഷ്ട്രീയ സമവായമില്ലെന്നു?
ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ??
ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ 
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ???

നാമെന്നും ഒരുമയുടെ നനഞ്ഞൊരേ തൂവല്‍ പക്ഷികള്‍..
നമ്മിലെന്നും ജനാധിപത്യത്തിന്റെ വിജ്രുംഭിത നേടും തൂണുകള്‍ -
നീതി..
നിയമം..
വോട്ടു..
അധികാരം.
കരുണ..
ദയ..
സ്ത്രീ സമത്വം..
മനുഷ്യ മഹാ അവകാശ പോര്‍ വിളികള്‍!

ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ?
നാമെന്നും ഒരേ മനം..
ഒരേ ജാതി..
ഒരേ മതം..
ഒരേ വര്‍ഗ്ഗം..
ഒരേ സഭ.. ഒരേ ഗാന്ധി പുത്രര്‍..
ഒരേ ആര്‍ഷ സംഘം..
ഒരേ മനസ്സുകളില്‍
ദേശീയതയുടെ ഭോഗ മൂര്‍ച്ച..
മനം പാറ പോലെ കഠിനം;
വാക്കുകള്‍ക്കു പോരാളിയുടെ വീറു;
സ്വപ്നങ്ങള്‍ക്ക് ,
ഖജുരാഹോ ചിത്രങ്ങളിലെ കാമ കരുത്ത് ;
എല്ലുറക്കാത്ത ഇളം മേനിയില്‍
പങ്കിടുന്ന മത മൈത്രി സംഗമം ..

..പള്ളി
സഭ
അമ്പലം
കോടതി..
നിയമം..
വേദം..
പുരോഹിതന്‍..
ന്യായാധിപന്,,
പോലീസ്..
മന്ത്രി-
പരീശന്‍-
പത്ര ധര്മജര്‍
സൈന്യം
ബലി
പട്ടിണി
രോഗം
വിശപ്പ്‌
മരണം
നീതി തൂക്കുന്ന കനക ത്രാസ്സുകള്‍!

ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ??
സൂര്യനെല്ലി,
വിതുര,
കവിയൂര്‍,
അഭയ,
പറവൂര്‍..!
സ്ഥലനാമങ്ങളുടെ വെറും വാക്കുകള്‍ ..
കേട്ട കാലത്തിന്റെ മായ കാഴ്ചകള്‍..

ആര് പറയുന്നു നമ്മില്‍ രാഷ്ട്രീയ സമവായമില്ലെന്നു??
ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ??
ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ??


----------------------------------------------------------------(ഒരു പിന്‍ കുറിപ്പ്:-

ചത്ത മനസ്സിന്റെ
ജ്വരമൂര്ച്ചയില്‍
വാക്കുകള്‍ പുലമ്പും നേരം,
ത്രാസ്സെറിഞ്ഞ്,
ചേല ചുറ്റിയോടുന്ന
നീതി ദേവതയെ
ഇന്നലെയും കണ്ടു..

"യതോ ധര്മസ്തതോ ജയ:)

~~~~~~~~~~~~~~~~~~~~~~~~~~

Wednesday, January 9, 2013

നന്ദിതാ..,-------------------------------------------

നന്ദിതാ,
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.

മഞ്ഞു പെയ്യുന്ന
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.

നന്ദിതാ.,
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
------------------------------------------