Friday, March 14, 2014

ചുവപ്പ് പൂക്കുന്ന വേനലിൽ.
_______________________________ 

ശരിക്കും 
ഒരുച്ച ചൂടിലാകാമത്-
ആകാശം തുളച്ച് 
ഇലപ്പടര്പ്പു കരിച്ച് 
ചുവപ്പ് 
മണ്ണിലേക്ക് നൂഴ്ന്നിറങ്ങുന്നത്.

അതെ-
കണ്ടില്ലെന്നു പറയരുത്, 
മൌനം 
നടിക്കരുത് ,
മീനച്ചൂടിലൊരു 
ഗംഭീര നാദം,
തൊണ്ട കീറിയൊരു 
ഉഷ്ണക്കാറ്റ് 
പോടി വിതറി 
പൂത്തത്.

തെരുവിലൊരു പെണ്ണിൻ 
വിയർപ്പിൽ ചുഴിഞ്ഞ് 
ചുവപ്പ് ചേല ഉയര്ന്നത്.
ഓര്മയിലൊരു 
ജപ്തി നോട്ടിസിൻ 
ഏപ്രിൽ ചിരിയിൽ 
ചുവപ്പ് നാടകൾ 
പുലഭ്യം പറഞ്ഞത്.

****** ********* ******** ********
വേനലിൻ സീൽക്കാരമേ,
അലറുന്ന ഉഷ്ണച്ചൂടേ 
കൊക്കിലൊരു നോവുമായീ 
മുറിവ് പകുക്കുക.

ഒരു നിമിഷം-
നട്ടുച്ച മൂർച്ഛയുടെ 
ഒറ്റ നിമിഷം 
പ്രാണന്റെയീ 
കൊടും ചൂടിനെ 
കൊത്തിയെടുക്കുക.
വേഷങ്ങളുടെ 
ഋതു വേഗങ്ങളെ 
വേനൽ കിനാവുകളിൽ 
പകരുക ; ലഹരിയുടെ 
തളികയിൽ 
പ്രണയം നിരത്തുക.
ആത്മ വീര്യം നുരയും 
സിരകളിൽ 
വസന്തം നിറക്കുക

****** ********* ******** ********
ചുവപ്പ് പൂക്കുമീ 
വേനൽ വീണ്ടും 
വസന്തമാകുമയാണ് -

തൊണ്ട നീറുമീ ആദി ദാഹത്തിലേക്ക്,
ഓർമ്മകൾ മൂടുമീ ചെമ്മണ്ണില്ലേക്ക്,
നീര് വറ്റിയ 
ഹൃദയങ്ങളിലേക്ക്,
വറുതിയിലേക്ക്,
സ്നേഹ ശൂന്യതയിലേക്ക്,
പ്രണയത്തിലേക്ക്,
അന്യതബോധങ്ങളിലേക്ക്,
നിരാസങ്ങളിലേക്ക്,
ഓഫീസിലേക്ക്,
മദ്യശാലയിലേക്ക്,
വേശ്യാലയങ്ങളിലേക്ക്,
തെരുവിലേക്ക്,
ആദി വിശപ്പിന്റെ 
കൊടും മൌനത്തിലേക്ക്‌,
വർത്തമാനങ്ങളുടെ 
പാഴ് കാഴ്ചകളിലേക്ക്.

****** ********* ******** ********
ഒന്നുറങ്ങുംന്നേരം 
കെട്ട കാലത്തേക്ക് 
ചുഴറ്റിയെറിയുന്ന 
ഉച്ചക്കാറ്റേ ,
ചുടു വിയർപ്പേ 
പ്രാണ നിശ്വാസമേ 
വേനലിന്റെ വസന്തമായി 
നീ ചോര തുപ്പിയല്ലോ 
വരണ്ട മണ്ണിലേക്കീ 
വേനൽ പൂക്കൾ.
________________________________

(Image Courtesy- Art by Gireeshkumar)