Monday, December 7, 2009

നിള ഒഴുകാതെ.



-------------------
ഒരു വേനല്‍ ചിന്തയുടെ
ജ്വര മൂര്‍ച്ചയില്‍
നാം കിനാവ്‌ കണ്ടതു
നിളയെയാണ്.

യൌവനം തുടിച്ചും,
കണ്ണീരടക്കിയും, വിതുമ്പിയും
മൌനത്തിലാണ്ടും,
പിന്നെ,
പഞ്ചാര മണലില്‍
കുറിച്ചിട്ട പ്രണയാക്ഷരങ്ങള്‍
മായ്ച്ചും,ചിരിച്ചും
നിറഞ്ഞൊഴുകിയ
നിളാ കന്യയെ .

ഒരു സ്വപ്നാടനത്തിന്റെ
ഒടുക്കത്തില്‍
നാം പിടഞ്ഞു ഉണര്‍ന്നത്
വെളിച്ചത്തിലേയ്ക്കു ആണ് .
നിള .. നിത്യ പ്രണയിനി..
അവളുടെ
ഹരിത തീരങ്ങള്‍ക്കിന്നു
വികസനത്തിന്‍റെ
ശവ ഗന്ധം.
തുമ്പയിലും, മുക്കുറ്റിയിലും
സ്വപ്‌നങ്ങള്‍ കരിഞ്ഞു വീഴുന്നു.

നിള .. നിത്യ മോഹിനി..
വേര്‍പാടിന്‍ നോവുകള്‍
തര്‍പ്പണം ചെയ്ത
മടിത്തട്ടില്‍,
വാത്സല്ല്യം ചുരന്ന
മാറുകളില്‍.,
കീറി മുറിച്ച്,
നീര് നിലച്ച്‌..
പാതാള ഗര്‍ത്തങ്ങള്‍!
അധികാരത്തിന്റെ
"മണല്‍ പാസ്സില്‍"
ചുടല കളങ്ങള്‍
പെരുകുന്നു.

ഭരണകൂടം ,
പരിസ്ഥിതി സംരക്ഷണം.,
കറുത്ത ശിരോ വസ്ത്രധാരികള്‍.
പാറാവുകാര്‍.

സ്വപ്നങ്ങളില്‍
മുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ.


------------------------

(image ; a view from pattambi)

ജന്മം പോലെ.



----------------------
വര്‍ണ്ണങ്ങളുടെ
ജീവിത ദീപ്തിയില്‍
മഴവില്‍ തീര്‍ത്ത മനസ്സ്.
വെറുതെ തൊടാന്‍ കൊതിച്ച
കൈകളില്‍ തൂങ്ങി
പേക്കിനാവ് പോലീ ജന്മം .

കണ്ടതെല്ലാം നയനാനന്ദം!
ഇമയനക്കാതെ നോക്കിയിരുന്നു..
വേനല്‍ , വസന്തത്തില്‍
കാറ്റൂതി കരയുന്നു.
മുറിവുകള്‍..ചോര കിനിഞ്ഞ്..
സ്വാര്‍ഥതയുടെ
ഭീകര മുഖങ്ങള്‍..
തിമിരം തീര്‍ത്ത കണ്ണുകള്‍ക്ക്‌
ഇനി കാഴ്ചയെന്ത്?

ഓര്‍മകള്‍ക്കു ഗന്ധമത്രെ.!
വാടികരിഞ്ഞ
ഓര്‍മ്മകളത്രയും
മനസ്സില്‍ പൊതിഞ്ഞു .
വരും കാല ദുര്‍ഗന്ധത്തെ
മൂക്കിനു അറിയില്ലല്ലോ.

സഹയാത്രികര്‍..
നിസ്വാര്‍ത്ഥ സ്നേഹം
എന്നും മുന്തിരി ചാറായിരുന്നു.
കയ്പ്പിന്റെ ഓര്‍മയില്‍
നാക്കും
രുചി മറക്കുന്നു.

കേട്ട ശബ്ധങ്ങളിലെല്ലാം
സംഗീതം മാത്രം ,
തത്ത്വ ശാസ്ത്രങ്ങള്‍ക്കും
കാതു കൊടുത്തു.
വാക്കുകള്‍ ..
കൂരമ്പുകള്‍..
ചെവികള്‍ പൊട്ടി പോയി.

ജീവിത മരുഭൂമിയില്‍
മരുപ്പച്ച തേടി
ഒരു അഭയാര്‍ഥി.,
കുടി നീരായ് കണ്ടതു,
വെറും മരീചിക.
പാദങ്ങള്‍ തളര്‍ന്നു,
സ്പന്ദനം നിലച്ചു,
ജീവിതം പോലെ..
എന്‍റെയും, നിന്‍റെയും
ജന്മം പോലെ..
ശൂന്യം ..


-----------------------