Sunday, July 31, 2016

ഒറ്റയൊച്ചയുടെ ഗീതങ്ങൾ


-------------------------------------------
1, ശ്രുതിയെതോ  പൊട്ടി പോയ  സ്റ്റ്രിങ്ങിൽ  ഒരു വയലറ്റ്  പ്രേമം ജീവിതം  മീട്ടുന്നു  ഏതോ  തെരു ഗായകന്റെ  നെഞ്ചി ലെൻ  മൌന ഗീതങ്ങൾ  ഉപേക്ഷിക്കപെടുന്നു. 2, ഇളയ രാജയിൽ  നിന്നും എ, ആർ റഹ്മാൻ  ഗീതങ്ങളിലേക്ക്  വന്യമായ്  ജീവിതം  തന്ത്രികൾ മീട്ടണം.ഭാഷകളുടെ  ബാബേൽ വേദികളിൽ  ജെന്നിഫെർ ലോപ്പസും / ബ്രിട്നി സ്പിയെര്സും /ഷാക്കിരയും  അരയിളക്കി പാടണം.നിലാവ് ലഹരി  നിറകുന്ന ബാവുൽ  ഗായകന്റെ  സിരകളിലൂടോഴുകണം.തെരു ഗായികേ  നിൻ  മുലകളിൽ  പിഞ്ചിളം ചുണ്ടാൽ  മയങ്ങുന്ന  കുഞ്ഞു ബുദ്ധനിൽ  ധ്യാന മൌനമാകണം.
  3,
ജെന്നിഫെർ ലോപ്പസിൽ  നിന്നും ലത മങ്കേഷ്‌കറിലേക്ക് / അഡ്നാൻ സാമിയിൽ  നിന്നും  റിക്കി മാർട്ടിനിലേക്കു / ബ്രിട്ടനി സ്പിയേഴ്സിൽ  നിന്നും ജാനകിയിലേക്കു / എ ആർ റഹ്‌മാനിൽ  നിന്നും  ബാബുരാജിലേക്ക്.നിലക്കാതെ പെയ്യുന്ന  ഓർമകളെ  ജീവിതമെന്നു കാതോർക്കുന്നു.ഒരു തെരു  ഗായകന്റെ  മറവികളിലേക്കു  നിന്നൊപ്പം  സ്വയം  വലിച്ചെറിയുന്നു
-------------------------------------------------------

Sunday, July 12, 2015

വിശപ്പ്‌ രാജ്യങ്ങളിലെ കറുത്ത വയറുകളോട് വെളുത്ത ദൈവങ്ങൾ വേദ മോതുന്നത്.____________________________
പതിവ് പോലെ
മത/ വേദ / വിശ്വാസ
ഭയങ്ങളിലേതോ
സാദാ വിശപ്പ്‌
ജനതയുടെ
ജീവിത തെരുവ്-

പുരോഹിത
മേധാവിത്ത്വതിലൊരു
ചെറു ചിരി
വിശപ്പിനെ
വയർ നിറച്ചുംണ്ടുഴിയുംമ്പോൾ
ഒരു സമ്പന്നമത
വിശ്വാസി
തെരുവിലേക്കിറങ്ങുന്നു.

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം /
വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു
ഒരു
കാണാ ദൈവം
കണ്ണുരുട്ടി നെഞ്ചിലേക്ക്
സൂക്തമോതുന്നു

*************** **************** **********
പതിവ് പോലെ
വിശപ്പിനെ വയർ
നിറച്ചുംണ്ടുഴിയുംമ്പോൾ
വിശപ്പ്‌ രാജ്യത്തിലൊരു
സമ്പന്ന വിശ്വാസി
തെരുവിലേക്ക്
തെന്നെയിറങ്ങുന്നു

ആഡംബര
വേഗ യാത്രയിൽ
വിന്ഡോ ഗ്ലാസ്സുയർത്തി
മന്ത്രമേതോ ഏമ്പക്കമിട്ടു
കറുത്ത
വിശപ്പുകളെ
വേദ താളുകളിലെന്ന
പോലെ തന്നെ കണ്ടില്ലെന്നു
കണ്ണടക്കുന്നു.

നോമ്പ് / രാമായണ /
പുണ്ണ്യ
/ ഉയിർതെഴുന്നെൽപ്പിൻ
മാസ -ഓര്മ നഷ്ട്ടങ്ങളിൽ
നിന്നുമേതോ
പേര് നഷ്ട്ടപെട്ടൊരു
യാചക  വിശ്വാസിയും
ഒരേ നേരം
തെരുവിലേക്ക്
തന്നെ ജീവിതമിറങ്ങുന്നു

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം /
വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു ഒരു
കാണാ ദൈവം
കണ്ണുരുട്ടി
രണ്ടു പേരോടും
ഒരേ നേരം
സൂക്തമോതുന്നു.

******** ********** **************
പതിവ് പോലെ
വിശ്വാസ മത മൂര്ച്ഛകളാൽ
അനുഗ്രഹിക്കപ്പെട്ടൊരു
-സമ്പന്ന മത വിശ്വാസി
തെരുവിലൂടെ തന്നെ
ജീവിതം
ഡ്രൈവ്
ചെയ്യുന്നു .


ആദ്യ വളവിലൊരു
കുഞ്ഞിൻ കണ്ണിൽ
വിശപ്പ്‌ കാടുകളിൽ
നഷ്ട്ട ബാല്യം കൈ നീട്ടുന്നു

'യാ അള്ള'/ ഹേ രാമാ / എന്റെ മാത്രം ഈശോയേ '
-പോലൊരു നിലവിളിയാൽ
'"തന്റെ മാത്രം കുഞ്ഞിനു നല്ലത് വരുത്തണേ""
എന്ന്
ജപ മാല ഞെരുങ്ങും
പോലെ
നിശബ്ദമായി
 പ്രാർഥിക്കുന്നു
**************** ********************


പള്ളിയംബല മതങ്ങളെതെന്ന്
നാമം നഷ്ടപ്പെടൊരു
പരിശുദ്ധമല്ലാതൊരു
വെളുത്ത ദൈവം
തെരുവിലെക്കിറങ്ങുന്നു .

-കറുത്ത കുഞ്ഞുങ്ങളുടെ
കണ്ണിലെക്കവൻ
പൂവും/ പൂമ്പാറ്റയും/
വിശപ്പും/ മോഹവും/
തണുപ്പും/
കിടപ്പാടവും /
വേശ്യയും/
യാചകനും തോട്ടിയും /
രോഗിയും/ ദിനാറും/
ഡോളറും
ഒരു കനവു നുരയുന്ന
ലഹരി പോലെ
പോലേ
വിശ്വാസപ്പെടുത്തുന്നു .

യാ അല്ല/ ന്റെ ദേവ്യേ /
പിതാ പുത്ര
_ പരിശുദ്ധ വിശ്വാസമേ/
എന്റെ മാത്രം
അധികാരങ്ങളിൽ ജീവിതം
പരിശുദ്ധമാകണേ'
എന്ന് തന്നെ മറക്കാതെ
ഉരുവിടുന്നു.

***** ************** **********************
തെരുവ്
പോലല്ലാതൊരു
തീൻ മുറി /

വിശപ്പ്‌ ദാഹ കാമങ്ങൾക്കിപ്പുറം
കറുത്ത കുഞ്ഞുങ്ങൾ
വയറുഴിഞ്ഞു
ജീവിതം
നോമ്പ്
നോൽക്കുന്നു

വിശപ്പല്ലോ മതം/
 വിശപ്പല്ലോ രാജ്യം /
 വിശപ്പല്ലോ രാഷ്ട്രീയം / വിശപ്പ്‌ മാത്രമല്ലോ
നീതി -നിയമ
പരിപാലനങ്ങളെന്നു ഒരു
കാണാ ദൈവം
സൂക്തമോതുന്നു

********** ********* *********

ആളൊഴിഞ്ഞ തെരുവു/
കറുത്ത രാത്രി-

വിശപ്പ്‌ രാജ്യത്തിന്റെ
തെരു മൂലയിലൊരു
മുഖം നഷ്ട്ടപ്പെട്ട ദൈവം
പിശാചിനോട്‌
മുട്ടിപ്പായി
വെട്ടം കൊളുത്തി
പ്രാര്തിക്കുന്നു.

''വിശപ്പല്ലാ മതം/
 വിശപ്പല്ലാ രാജ്യം /
 വിശപ്പല്ലാ രാഷ്ട്രീയം / വിശപ്പ്‌ മാത്രമല്ലാ
കാലമേ
നീതി -നിയമ
പരിപാലനങ്ങളെന്നു ''
പ്രാര്തിക്കുന്നു

വെളുപ്പെന്ന
പോലെ കാലം
പുലരിയിലെക്കൊരു
പാഴ്തിരശീല
അവിശ്വാസം പോലെ തെറുത്തു
നീക്കുന്നു.

അവിശ്വാസം
പോലൊരു പാഴ് കനവു
സ്വര്ഗ്ഗ രാജ്യം പോലെ
 വിശപ്പ്‌
നീക്കുന്നു

______________________________
(ഒരു പിന് കുറിപ്പ്-
വിശ്വാസങ്ങൾ വിശപ്പിനപ്പുറമല്ലെന്നു സൂക്തമോതിയ പിശാചിനെ ആരും പിന്നെ കണ്ടതേയില്ല )

Wednesday, July 1, 2015

ചുണ്ടുകൾ ചെയ്യാൻ മറന്ന ദിനങ്ങൾ


________________________________

ഞാൻ മൌനിയാകുന്നേരം  
ഉടലുകളോരോന്നിൽ നിന്നും
കുറെ അധരങ്ങൾ 
വര്തമാനത്തിലേക്ക് 
ഊര്ന്നു വീഴുന്നു.

മൗനം തകർത്തോ രു 
കടലിരമ്പം പോലവയീ 
ലോകത്തോട്‌ 
നിർത്താതെ  
മിണ്ടുന്നു .

പോയ 
പ്രേമ കാലങ്ങളെ നോക്കി
ചുണ്ടുകൾ വക്രിച്ചവ  
ദീർഘ പാരമ്യ മൂര്ച്ചയാൽ  
വെറുതേ 
ചുംബിക്കുന്നു .


ഞാൻ മൌനിയാകുന്നേരം
ഉടലുകളോരോന്നിൽ നിന്നും 
കുറെ അധരങ്ങൾ വര്തമാനത്തിലേക്ക്
/ ഊര്ന്നു വീഴുന്നു - പ്രേമത്തിന്റെ 
ഉപ്പു/ മധുര / പുളി/ ചവര്പ്പുകളിലെന്റെ
അധരങ്ങൾക്ക്
ഭാഷയും 
രസഭേദങ്ങളും 
ജീവിതം പോലെ 
നഷ്ട്ടപെടുന്നു

ഞാൻ മൌനിയാകുന്നേരം 
ഉടലുകളോരോന്നിൽ നിന്നും 
കുറെ അധരങ്ങൾ 
നഗരദുരങ്ങളിലേക്കെന്നെ
ഒരു ട്രെയിന ബോഗിയിലടച്ചു 
പിഴുതെറിയുന്നു
-ഉറക്ക മൂര്ച്ചയിലൊരു 
അധര ഭോഗത്തിന്റെ 
അലാറമെന്റെ
ഗ്രാമത്തിലേക്ക് മണിയടിക്കുന്നു
ചുണ്ടുകളില്ലാത്തോരു റെയിൽവേ സ്റ്റേഷനിൽ
വീണെനിക്ക് തലയുടയുന്നുഞാൻ മൌനിയാകുന്നേരം  
ഭാഷ നഷ്ട്ടപ്പെട്ട അധരങ്ങൾ കവിതയുടെ
ബാബേൽ ഗോപുരം 
പണിയുന്നു / 
ലിപികളില്ലാത്ത ചുണ്ടനക്കങ്ങളിൽ 
തമ്മിൽ ചോര നുണയുന്നു /  
ഉടലോരോന്നിൽ നിന്നുമോരോ
അധരങ്ങളെന്റെ ചുണ്ടുകളിൽ  
ചങ്ങലക്കണ്ണികൾ 
കൊരുക്കുന്നു .

ഞാൻ മൌനിയാകുന്നേരം 
തെരുവെന്റെ വാക്കുകൾ പൂക്കുന്ന 
കാടാകുന്നു/
മരമോരോന്നിലും ചുണ്ടുകൾ  
പൂക്കുന്നു .
അധരങ്ങളിൽ വസന്തം വിശപ്പ്‌ തെടുന്നു/
തെരുവിലൊരു  
പെണ്ണിൻ കറുത്ത മുലകളിലെന്റെ
വരണ്ട ചുണ്ടുകൾ
അമ്മയെ തേടുന്നു .

ഞാൻ മൌനിയാകുന്നേരം 
കീറിയെരിഞ്ഞൊരു
കവിതയിൽ കടലാസുകഷ്ണങ്ങൾക്ക് 
ചുണ്ടുകൾ മുളക്കുന്നു
ചെറു ചിരിയുടെ 
ബുദ്ധസ്മിതം
മറവി പോലെ പറന്നു
മായുന്നു.


________________________________

Sunday, June 7, 2015

വാക്കുകൾ നാവിറങ്ങുമ്പോൾ


____________________________ 

ഒന്നുമില്ലായ്മയുടെ പുസ്തകമണം 
അക്ഷരം  തേടുമ്പോൾ 
മസ്തിഷ്ക്കം പിളര്ന്നൊരു 
യാചകൻ ഭാഷയുടെ 
രാജവീഥിയിലേക്കിറങ്ങുന്നു .
വാക്കുകൾ തട്ടിപ്പറിച്ചൊരു 
രാജകുമാരി ഹൃദയം കൈനീട്ടി 
'അമ്മാ ധര്മ്മം / ഉമ്മാ അഭയം' 
എന്ന് കേൾക്കേ 
നെഞ്ചിലേക്ക് പുച്ഛത്തോടെ 
ലോഹത്തുട്ടെറി\യുന്നു 
കവിതയിൽ രാജ്യം 
കടത്തപ്പെട്ടൊരു 
പ്രണയ ഭിക്ഷുവതിനെ 
ഒരു ഭോഗ മൂർച്ഛയിലെന്നോളം 
പ്രണയമെന്നു തന്നെ 
പരിഭാഷപ്പെടുത്തുന്നു.
വാക്കുകൾ  നാവിറങ്ങിപ്പോയ 
നാം നമ്മെ 
കീറിയെറിയുന്നു .
___________________________ 

Sunday, March 15, 2015


________________________________
വെയിൽ നനഞ്ഞ
മഴകളിൽ
പ്രണയം കുട
നിവർത്തുന്നവളെ ,

അരുത്,
മഴത്തുള്ളികളുടെ
ഈറന്‍ കാഴ്ചകളില്‍
നീയെന്നെ മോഹിക്കരുത്.

മഴമേഘഗര്‍ജനങ്ങൾ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്‌.

ഇടി മുഴക്കങ്ങളിൽ
ചുണ്ടുകൾ കോർക്കുന്നവളെ,
മണ്ണിൻ ഉന്മാദ ഗന്ധത്തിൽ
പ്രണയ മന്ത്രമോതുന്നവളെ ,
നീ വിട പറയുമ്പോൾ ,
നെഞ്ചിലൂടോഴുകുന്നുണ്ട്‌
വെയിൽ 
നനഞ്ഞൊരു
മഴ
_______________________ (wrote at 2009)

Monday, January 5, 2015

വസന്തം കാ(നാ)ടിനോട്‌ ഇടിമുഴക്കുന്നത് ...
______________________________ 

1,
കാട്ടു താഴ്വാരത്തിലെ 
വിശപ്പ്‌ വയലുകളിൽ 
ചുവന്ന വിത്ത് എറിയാനാണ് 
പൂച്ചകളെ പോലവർ 
നിശബ്ദം വന്നത്.

നാഴി മുളയരിയിൽ 
വിശപ്പളന്ന്, കാട്ടു  കിഴങ്ങിൽ 
ക്ഷീണം വിഴുങ്ങി,
കാട്ടു തേൻ  മോന്തി  
ഉറക്കേ അവരോതി-
''വസന്തം കാടിനോടിതുവരെ ചെയ്തതെന്താണ്....??''

ആദിയന്തം നിശ്ചലം ; ചോദ്യം-
കാട്ടു ദൈവങ്ങളുടെ 
വെളിപാട്  പോൽ സത്യം.!
ഹാ!, കാട് ഞെട്ടീ !;
മൂപ്പൻ ഞെട്ടീ , 
കാട്ടുചോല ഞെട്ടീ, 
മുളംകുടിലുകൾ ഞെട്ടീ , 
പച്ചില കീറുകൾ ഞെട്ടീ , 
കറുത്ത പെണ്ണിൻ 
ഞാവൽ മിഴികൾ  ഞെട്ടീ,
ചോര പൂത്ത 
പൂവരശു ഞെട്ടീ ,
ഗോത്രങ്ങൾ ഞെട്ടീ, 
കാട്ട് 
ദൈവങ്ങൾ 
ഞെട്ടീ...
...
**************************************************
2,
ഖദർ വിരിച്ച 
സിംഹാസനങ്ങളിൽ 
ദുരധികാരം ആസനമിളക്കിയുറപ്പിച്ചു
അവരിരുന്നൂ .

മരണ മുഖങ്ങൾക്കു 
വേട്ടക്കാരന്റെ 
 ന്യായവിധി -
വിശപ്പ്‌/  തോക്കിൻ കുഴൽ,/  പ്രാണഭയം, 
നിരായുധൻ/  നീതി,/  പോരാളി,/ 
 വിപ്ലവം/  ഇര, ..
വിശപ്പ്‌, മരണം, 
വിശപ്പ്‌, മരണം, 
വിശപ്പ്‌,,,,,,,,


 ചില്ല് പാത്രങ്ങളിൽ 
ജനാധിപത്യം ലഹരിയോളം
 നിറക്കപ്പെട്ടു-
പല വരണ്ണ  കൊടികളിൽ 
പൊതിഞ്ഞ് 
അധികാരം മൊത്തി 
തെല്ലുറക്കെ ഒരേ ചുണ്ടുകളാൽ
 അവരോതി-
"വസന്തം നാടിനോടിതുവരെ ചെയ്യാത്തതെന്താണ്‌ ....?"'

 ചോദ്യാധികാരം, ഹാ; 
ഭരണഘടനാ പോൽ 
മഹാ സത്യം! 

ജനത ഞെട്ടീ,
, നഗര തെരുവുകൾ ഞെട്ടീ, 
കൊടിതോരണങ്ങൾ  ഞെട്ടീ
പാര്ട്ടിയാപ്പീസുകൾഞെട്ടീ, 
നീതി ദേവത ഞെട്ടീ, 
നിയമ സഭാ മഹാ സൌധങ്ങളേതും   ഞെട്ടീ.


*************************************************************

3,
രാവ്‌ /-
പൂച്ചകൾക്കിപോൾ 
വേട്ടക്കാരന്റെ തലയും 
ഇരയുടെ വാലുമാണ്‌.

അധികാരത്തിന്റെ 
അടിയുടുപ്പുകൾ 
വിപ്ലവ പോസ്റ്ററുകൾക്ക് 
മീതെ തുണിയുരിഞ്ഞു 
കിടക്കുന്നു 

വസന്തം കാടിനോടും നാടിനോടും 
തോക്കിൻ കുഴലിലൂടെ 
സ്വപ്‌നങ്ങൾ 
ഉതിര്ക്കുന്നു 

കറുത്ത വയറിന്റെ 
വിശപ്പ് 
പുതു വിപ്ലവം പോലെ 
അടുത്ത 
കുപ്പിയിലേക്ക്‌ പകരുന്നു .


അനുസരണ/ അധികാരം, 
അനുസരണ / അധികാരം 
എന്ന പാഠം
പലതവണ 
  വായിക്കപെടുന്നു..

വേദനയോടെ 
വായിക്കപെടുന്നു..
________________________________________________ (ഒരു പിൻ കുറിപ്പ് - ചരിത്രം ചിലപ്പോൾ  പ്രൌഡ ഗംഭീരയായൊരു വേശ്യയെപ്പോൽ മനോഹരിയാണ്., ചിലപ്പോൾ വിരൂപയും)

Friday, December 26, 2014

നൃത്തശാലയിൽ____________________________

സങ്കടങ്ങൾ വാരിയുടുത്ത
പെൺകുട്ടീ,
ചുണ്ടിൽ 
വേനൽ ചുവന്ന്,
മിഴികളിൽ
സമുദ്രം നിറച്ച്
നിൻ ചടുല നർത്തനം.


___________________________