Monday, March 11, 2013

Haiku Poems / ഹൈക്കു കവിതകള്‍



__________________________________________________________________

 ഒരു കിണ്ണം നിറയെ 
 ചോര  പൂക്കളുമായി-
വേനല്‍ . 







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രാവിരുന്നില്‍-
 നിലാവും,
 നിന്‍ മൌനവും







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കണ്ണ് കെട്ടിയവളുടെ 
കനക ത്രാസ്സില്‍ 
ബാലവേശ്യകളുടെ തുലാഭാരം . 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു കുഞ്ഞു കിനാവിന്‍ 
ബാല്യ കണ്ണാല്‍ 
ഉറ്റുനോക്കുന്നു ജീവിതം



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കടലോളം ആഴം-
മനസ്സെന്നു പേര്. 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തളരുകില്ലൊരീ 
ചിറകുകളേതുമേ 
നീല വാനം വിളിക്കുകില്‍ . 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ക്ഷണികമെങ്കിലും 
ഒറ്റ വാക്കിന്റെ ഏറിനാല്‍ 
നമ്മിലെ മൗനമുടയുന്നു. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മഞ്ഞുതുള്ളികളില്‍ 
ചെറു സൂര്യന്മാരുടെ ഊയലാട്ടം-
പ്രഭാതം. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മാറുന്ന ഋതുക്കളിലും 
മാറാത്ത മുറിവ്-
പെണ്ണ്‌. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


കരിയിലകളില്‍ മഴ താളം. 
സിരകളില്‍ പടരും,
മണ്ണിന്‍ മദഗന്ധം.








________________________________________________________________________
You migh

Tuesday, March 5, 2013

ഋതു ഭേദങ്ങളില്‍ നാം..





--------------------------------------------------
ഒരു രാത്രിമഴയില്‍ പെയ്ത
കവിതയില്‍ നാമുണ്ടായിരുന്നു..
നോവിന്‍റെ ഒരേ ഹൃദയം പങ്കിട്ട്
ചിതറുന്ന തുള്ളികളില്‍
മിഴികളൂന്നി,
നീളുന്ന മഴച്ചാലുകളില്‍
വിരലുകളോടിച്ച്,
ഒരേ വരികളില്‍
പരസ്പരം തേടി.,
വാക്കുകള്‍ക്കുള്ളില്‍
ആഴങ്ങളില്‍
ഒരായിരമര്‍ത്ഥങ്ങളായ് നുറുങ്ങി,
സ്വപ്‌നങ്ങള്‍ താണിറങ്ങുന്ന
യാമങ്ങളില്‍ മറ്റൊരു മിന്നലായി
കാറ്റായി,
ഇടിയായി,
അരിച്ചിറങ്ങുന്ന പ്രണയമായി .,
നിന്നെ ഞാനാക്കുന്ന
മറ്റൊരു മഴയായി ..
നമ്മിലൂറുന്ന കവിതയായ് ...

വര്‍ണ്ണങ്ങള്‍ പൂക്കള്‍
വിരിച്ച വസന്തത്തില്‍
നീയുണ്ടായിരുന്നു,
കത്തുന്ന നിറങ്ങളില്‍
പൂക്കള്‍ ചുവന്ന പാതകളില്‍
മെയ്‌ മാസം
നിറഞ്ഞു,
പനിനീര്‍ തുടുത്ത
പ്രണയ മഞ്ചം വിരിച്ച് ,
കാട്ടു കദംബങ്ങള്‍ പോലെ..;
പടര്‍ന്ന കൊമ്പുകളില്‍
പാടുന്ന കുയിലിന്‍ പാട്ടിലെ
പ്രകൃതിതന്നീണമായ് നീ ;
ഏതു കാറ്റത്തും വീഴാതെ
എന്നിലേയ്ക്ക് വള്ളിയായ്
പടര്‍ന്ന് ...

വെയില്‍ പൂക്കുന്ന വേനലില്‍
ഞാനുണ്ടായിരുന്നു,
മൊട്ടായ് പിറന്ന്
ഗുല്‍മോഹറില്‍ വിരിഞ്ഞ് ,
പൂവരശില്‍ ചിരിച്ച്
വെയില്‍ നാളങ്ങളില്‍ പൊള്ളി ,
വേനല്‍ മഴതുള്ളിയെ
ഹൃത്തിലുരുക്കി ചേര്‍ത്ത്,
കരിയിലച്ചീന്തുകളില്‍
കണ്ണീര്‍ തൂവി,
കാലത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തില്‍
വേനലിന്റെ അനാദിയാം
വസന്തമായി
ഞാന്‍..

ശൈത്യം പുതച്ച
ഡിസംബറില്‍ നീയൊരു ഹിമപാതം..
സ്വപ്നക്കുളിരില്‍-
നാം ശിലപോലെ ;
മനവും
തനുവുമൊരേ കുളിരിലുറഞ്ഞ് .. ;
നമ്മിലെ സിരകളിലൊരു ഗംഗ-
തീരമില്ലാതെ,
ഓളമില്ലാതെ,
ഒഴുക്കില്ലാതെ,
സര്‍വ്വം സ്തംഭിച്ച
ഡിസംബര്‍..
കാലം നിശ്ചലം ,
നമ്മിലെ നമ്മള്‍ മാത്രം
ഒരേ കവിതയില്‍
ഒരേ വരിയില്‍
ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
ഇരവും, പകലും,
ചക്രവാളങ്ങളില്‍
ചാലിച്ച നമ്മുടെ
കുളിരലിഞ്ഞ സന്ധ്യ..

തിരയില്‍ മറഞ്ഞും
തീരത്തുണര്‍ന്നും
നമ്മിലൂടെ
ഋതുക്കളുടെ
ജൈത്രയാത്ര !
മഴയില്‍,
വേനലില്‍, വസന്തത്തില്‍,
ശൈത്യ കാലങ്ങളില്‍,
ഒന്നൊന്നിനെ
മറവിയാക്കുന്ന നാം,
നീയെന്നിലെ രാവുകള്‍,.
ഞാന്‍ നിന്നിലെ
പകലുകള്‍,
ഇഴപിരിയാതെ
നമ്മുടെ സംഗീതവും !
വസന്തം വേനലിനെ
പകുത്ത് ,
വര്ഷം ശൈത്യത്തെ
നനച്ച് ,
ഗ്രീഷ്മം ഹേമന്തത്തെ
പുണര്‍ന്ന്
മഴ താളങ്ങളില്‍,
കുളിര് പുതയ്ക്കുന്ന ഓര്‍മകളില്‍,
പ്രണയം
ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
ഏത് ..,
ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
പൊതിഞ്ഞെടുത്തത്?
പ്രപഞ്ചത്തിന്‍റെ
ഏതണുവിലാണ്
നമ്മുടെ പ്രണയം
തുടിക്കാത്തത് ?
ഘടികാരസൂചിയില്‍
കാലം കുതിക്കുമ്പോഴും
ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
മഞ്ഞില്‍ മൂടി കിടപ്പു നാം ?

കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
അയക്കുമ്പോള്‍,
ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
ജന്മാന്തരങ്ങളില്‍,
പൂവായും, പൂമ്പാറ്റയായും
മണ്ണായും ,വിണ്ണായും-
നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !
ഇനിയീ രാവില്‍ ,
നിലാവില്‍
നിനവുകളില്ലാത്ത ലോകത്ത്
നാമുറങ്ങുമ്പോള്‍ ,
നമ്മുടെ കുഴിമാടത്തിനു മീതെ 

ആരാണ് അവസാന
പുഷ്പ ചക്രം വെക്കുന്നത്??

-------------------------------------------------------


*** (ജിലുവും, www.
angelasthoughtss.blogspot.com ഞാനും ചേര്‍ന്നെഴുതിയ രണ്ടാമത്തെ കവിത ... )
 

Saturday, March 2, 2013

ആര് പറയുന്നു നമ്മില്‍ നമ്മളിലെന്നു ..?



--------------------------------------------------------------


ആര് പറയുന്നു നമ്മില്‍ രാഷ്ട്രീയ സമവായമില്ലെന്നു?
ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ??
ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ 
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ???

നാമെന്നും ഒരുമയുടെ നനഞ്ഞൊരേ തൂവല്‍ പക്ഷികള്‍..
നമ്മിലെന്നും ജനാധിപത്യത്തിന്റെ വിജ്രുംഭിത നേടും തൂണുകള്‍ -
നീതി..
നിയമം..
വോട്ടു..
അധികാരം.
കരുണ..
ദയ..
സ്ത്രീ സമത്വം..
മനുഷ്യ മഹാ അവകാശ പോര്‍ വിളികള്‍!

ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ?
നാമെന്നും ഒരേ മനം..
ഒരേ ജാതി..
ഒരേ മതം..
ഒരേ വര്‍ഗ്ഗം..
ഒരേ സഭ.. ഒരേ ഗാന്ധി പുത്രര്‍..
ഒരേ ആര്‍ഷ സംഘം..
ഒരേ മനസ്സുകളില്‍
ദേശീയതയുടെ ഭോഗ മൂര്‍ച്ച..
മനം പാറ പോലെ കഠിനം;
വാക്കുകള്‍ക്കു പോരാളിയുടെ വീറു;
സ്വപ്നങ്ങള്‍ക്ക് ,
ഖജുരാഹോ ചിത്രങ്ങളിലെ കാമ കരുത്ത് ;
എല്ലുറക്കാത്ത ഇളം മേനിയില്‍
പങ്കിടുന്ന മത മൈത്രി സംഗമം ..

..പള്ളി
സഭ
അമ്പലം
കോടതി..
നിയമം..
വേദം..
പുരോഹിതന്‍..
ന്യായാധിപന്,,
പോലീസ്..
മന്ത്രി-
പരീശന്‍-
പത്ര ധര്മജര്‍
സൈന്യം
ബലി
പട്ടിണി
രോഗം
വിശപ്പ്‌
മരണം
നീതി തൂക്കുന്ന കനക ത്രാസ്സുകള്‍!

ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ??
സൂര്യനെല്ലി,
വിതുര,
കവിയൂര്‍,
അഭയ,
പറവൂര്‍..!
സ്ഥലനാമങ്ങളുടെ വെറും വാക്കുകള്‍ ..
കേട്ട കാലത്തിന്റെ മായ കാഴ്ചകള്‍..

ആര് പറയുന്നു നമ്മില്‍ രാഷ്ട്രീയ സമവായമില്ലെന്നു??
ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ??
ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ??


----------------------------------------------------------------



(ഒരു പിന്‍ കുറിപ്പ്:-

ചത്ത മനസ്സിന്റെ
ജ്വരമൂര്ച്ചയില്‍
വാക്കുകള്‍ പുലമ്പും നേരം,
ത്രാസ്സെറിഞ്ഞ്,
ചേല ചുറ്റിയോടുന്ന
നീതി ദേവതയെ
ഇന്നലെയും കണ്ടു..

"യതോ ധര്മസ്തതോ ജയ:)

~~~~~~~~~~~~~~~~~~~~~~~~~~