Friday, December 26, 2014

നൃത്തശാലയിൽ



____________________________

സങ്കടങ്ങൾ വാരിയുടുത്ത
പെൺകുട്ടീ,
ചുണ്ടിൽ 
വേനൽ ചുവന്ന്,
മിഴികളിൽ
സമുദ്രം നിറച്ച്
നിൻ ചടുല നർത്തനം.


___________________________

Sunday, October 12, 2014

മാറ്റം




________________________ 

ഒരു കാടു 
നിറയെ 
ഭ്രാന്ത് പൂക്കുമ്പോഴാണ്
ഞാനൊരു 
കാമുകനാകുന്നത് /

പകുത്തു പോകുന്ന 
പെണ്ണുമ്മകളിൽ
പ്രേമം നനയുന്നേരമാണ്
ഞാനൊരു
വേനൽ 
മരമാകുന്നത്..
____________________ (മാറ്റം )

Sunday, July 13, 2014

Haiku Poems/ ഹൈക്കു കവിതകൾ-3

____________________________________________



പുഴ പെയ്യുന്നു 
മഴ ഒഴുകുന്നു 
നാം നനയുന്നു 

_____________________________________________


ഏകാന്തത-
ഓർമകളിലേക്കൊരു 
കുറുക്കു വഴി 

___________________________________________



മരിച്ചു പോകയാൽ 
ആരുമെന്നെ 
വിളിക്കാതെയായി 


____________________________________________________




മൂവന്തി ചുവപ്പ് 
നിള പകുക്കുന്നതും നോക്കി 
ഒരൊറ്റ പറവ.

___________________________________________________




മകരക്കുളിർ 
മാന്തളിർ തുമ്പിലും 
മാമ്പഴ ഗന്ധം 

_____________________________________________




എത്ര ക്ഷണികം 
പ്രണയ വേഷങ്ങളിലീ 
മൂഡസ്വർഗ്ഗം. 


____________________________________________________



പൊഴിഞ്ഞൊരില 
പോയ പൂക്കാലങ്ങളുടെ 
ഉന്മാദ ഗന്ധം 

______________________________________________________ 




പാൽമണം 
പിഞ്ചിളം സ്വരം-
അമ്മ തൊട്ടിൽ.

_______________________________________________________ 





ജീവിത വേദി.
വീണ്  തലയുടഞ്ഞോർ 
ഹ; വേഷ ഗാംഭീര്യം !

_____________________________________________________________ 





ആകാശ കുട 
ജീവിതം നനഞ്ഞൊരേ 
പ്രാണ  വേഷങ്ങൾ 


____________________________________________________________ 





Friday, March 14, 2014

ചുവപ്പ് പൂക്കുന്ന വേനലിൽ.




_______________________________ 

ശരിക്കും 
ഒരുച്ച ചൂടിലാകാമത്-
ആകാശം തുളച്ച് 
ഇലപ്പടര്പ്പു കരിച്ച് 
ചുവപ്പ് 
മണ്ണിലേക്ക് നൂഴ്ന്നിറങ്ങുന്നത്.

അതെ-
കണ്ടില്ലെന്നു പറയരുത്, 
മൌനം 
നടിക്കരുത് ,
മീനച്ചൂടിലൊരു 
ഗംഭീര നാദം,
തൊണ്ട കീറിയൊരു 
ഉഷ്ണക്കാറ്റ് 
പോടി വിതറി 
പൂത്തത്.

തെരുവിലൊരു പെണ്ണിൻ 
വിയർപ്പിൽ ചുഴിഞ്ഞ് 
ചുവപ്പ് ചേല ഉയര്ന്നത്.
ഓര്മയിലൊരു 
ജപ്തി നോട്ടിസിൻ 
ഏപ്രിൽ ചിരിയിൽ 
ചുവപ്പ് നാടകൾ 
പുലഭ്യം പറഞ്ഞത്.

****** ********* ******** ********
വേനലിൻ സീൽക്കാരമേ,
അലറുന്ന ഉഷ്ണച്ചൂടേ 
കൊക്കിലൊരു നോവുമായീ 
മുറിവ് പകുക്കുക.

ഒരു നിമിഷം-
നട്ടുച്ച മൂർച്ഛയുടെ 
ഒറ്റ നിമിഷം 
പ്രാണന്റെയീ 
കൊടും ചൂടിനെ 
കൊത്തിയെടുക്കുക.
വേഷങ്ങളുടെ 
ഋതു വേഗങ്ങളെ 
വേനൽ കിനാവുകളിൽ 
പകരുക ; ലഹരിയുടെ 
തളികയിൽ 
പ്രണയം നിരത്തുക.
ആത്മ വീര്യം നുരയും 
സിരകളിൽ 
വസന്തം നിറക്കുക

****** ********* ******** ********
ചുവപ്പ് പൂക്കുമീ 
വേനൽ വീണ്ടും 
വസന്തമാകുമയാണ് -

തൊണ്ട നീറുമീ ആദി ദാഹത്തിലേക്ക്,
ഓർമ്മകൾ മൂടുമീ ചെമ്മണ്ണില്ലേക്ക്,
നീര് വറ്റിയ 
ഹൃദയങ്ങളിലേക്ക്,
വറുതിയിലേക്ക്,
സ്നേഹ ശൂന്യതയിലേക്ക്,
പ്രണയത്തിലേക്ക്,
അന്യതബോധങ്ങളിലേക്ക്,
നിരാസങ്ങളിലേക്ക്,
ഓഫീസിലേക്ക്,
മദ്യശാലയിലേക്ക്,
വേശ്യാലയങ്ങളിലേക്ക്,
തെരുവിലേക്ക്,
ആദി വിശപ്പിന്റെ 
കൊടും മൌനത്തിലേക്ക്‌,
വർത്തമാനങ്ങളുടെ 
പാഴ് കാഴ്ചകളിലേക്ക്.

****** ********* ******** ********
ഒന്നുറങ്ങുംന്നേരം 
കെട്ട കാലത്തേക്ക് 
ചുഴറ്റിയെറിയുന്ന 
ഉച്ചക്കാറ്റേ ,
ചുടു വിയർപ്പേ 
പ്രാണ നിശ്വാസമേ 
വേനലിന്റെ വസന്തമായി 
നീ ചോര തുപ്പിയല്ലോ 
വരണ്ട മണ്ണിലേക്കീ 
വേനൽ പൂക്കൾ.
________________________________

(Image Courtesy- Art by Gireeshkumar)

Saturday, January 4, 2014

ഒറ്റ മുറിയിലൊരേ നേരം.






________________________________ 

പകൽ
 മയങ്ങിയൊരു 
മുറി 

സന്ധ്യയിൽ 
വീണു 
തലയുടഞ്ഞു 
ചുവന്നു 
പോയ 
നാം 

നീ ജാലകമടക്കുന്നു 
നിഴലുകളുടെ 
കുപ്പി 
തുറന്ന്/  
തണുപ്പിന്റെ 
ചഷകം 
നിറക്കുന്നു.

രതിയോളം നുര 
പതയുന്ന
ഞാൻ..

ഒറ്റ വാക്കിന്റെ
 വ്യഗ്രതയിൽ 
വിഷം തീണ്ടുമീ 
ആലിംഗനം.

കൊടുംകാറ്റൊരു 
ചുംബനം_-
 അനാദി വര്ഷമൊരു 
തേടൽ / 
ഒരേ നനവിൽ 
പെയ്തു 
തോരാതെ 
നാം.


യാമങ്ങൾ 
നമ്മിൽ 
ചിറകറ്റ നിദ്ര .

ഒരു മരണ 
മൂർച്ഛയുടെ 
പിടയലിൽ 
പുലരി കൂവുന്നു.
ഇരുളിന്റെ 
കുഴിമാടം തുറന്നു 
രണ്ടു 
പരിശുദ്ധരെ പോല്രെ
 നാം 
ആവർത്തനങ്ങളിലേക്ക് 
എഴുന്നേൽക്കുന്നു. 

നാം 
എഴുന്നേൽക്കുന്നു.
___________________________________ 




(Art courtesy  to T.Rut )
 .